നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ചാലക്കുടി അടിപ്പാത.
ചാലക്കുടി: വർഷങ്ങളോളം മുടന്തിയും മുടങ്ങിയും നീങ്ങിയ ദേശീയപാതയിലെ അടിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. തിങ്കളാഴ്ച മുകളിലെ ബോക്‌സിന്റെ സ്ലാബ് കോൺക്രീറ്റ് ചെയ്യും. പടിഞ്ഞാറ് ഭാഗത്തെ സ്ലാബിന്റെ വാർക്കയാണ് വൈകിട്ട് മൂന്നു മണിയോടെ ആരംഭിച്ച് രാത്രിയിൽ പൂർത്തീകരിക്കുന്നത്. തുടർന്ന് രണ്ടാഴ്ചയ്ക്കകം ഇതിനടിയിലെ റാക്കും കോൺക്രീറ്റ് ചെയ്യും. നവംബർ മാസത്തിൽ കിഴക്കുഭാഗത്തെ ബോക്‌സിന്റെ നിർമ്മാണത്തിലേയ്ക്ക് നീങ്ങുമെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്. ഇതിനു ശേഷമാണ് വടക്കു ഭാഗത്തെ റെയർ എർത്ത് വാളിന്റെ നിർമ്മാണത്തിലേയ്ക്ക് കടക്കും. ഇതു പൂർത്തിയാകുന്നതോടെ എർത്ത് ഫില്ലിംഗും തുടങ്ങും. ഇതിനുള്ള ടൺ കണക്കിന് മണ്ണിന്റെ ലഭ്യത കരാർ കമ്പനിക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്. തെക്കു ഭാഗത്ത് മുനിസിപ്പൽ ജംഗ്ഷൻ വരെയുള്ള ആർ.ഇ.വാൾ പൂർത്തിയാകുന്നതോടെ ഇരുഭാഗങ്ങളെ ബോക്‌സുമായി ബന്ധിപ്പിക്കുന്ന കോൺക്രീറ്റിംഗ് നടക്കും. മാർച്ച് അവസാനത്തോടെ അടിപ്പാത നിർമ്മാണം പൂർത്തിയാകുമെന്നാണ് കരാർ കമ്പനിയായ ഇ.കെ.കെ ഉറപ്പ് നൽകിയിരിക്കുന്നത്. അമ്പത്തിയേഴര കോടി രൂപയ്ക്കാണ് ഇ.കെ.കെ. കമ്പനി നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.