
കെണികൾക്ക് മുകളിൽ പണച്ചാക്കുകൾ നിറച്ച് മാടിവിളിക്കുമ്പോൾ ഇപ്പോഴും ഓടിച്ചെന്ന് വീഴാൻ മലയാളികൾക്ക് യാതൊരു മടിയുമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈയിടെ പിടിയിലായ കോടീശ്വരൻമാരായ നിക്ഷേപത്തട്ടിപ്പുകാരുടെ വെളിപ്പെടുത്തലുകൾ.
മൾട്ടിലെവൽ മാർക്കറ്റിംഗ്, ചെയിൻ മാർക്കറ്റിംഗ്, പിരമിഡ് സ്ട്രക്ചർ എന്നീ പേരുകളിൽ അറിയപ്പെടുന്ന കമ്പനികളുണ്ടാക്കി വിവിധ സ്‌കീമുകളിൽ ചേരുന്നവർക്ക് എളുപ്പത്തിലും വേഗത്തിലും ഒരുപാട് പണം സമ്പാദിക്കാമെന്ന വാഗ്ദാനം നൽകുമ്പോൾ മലയാളികൾ ഓടിയെത്തുകയായിരുന്നുവെന്നാണ് തട്ടിപ്പുകാർ നൽകുന്ന മൊഴി. കറൻസി ട്രേഡിംഗ്, ക്രിപ്റ്റോ കറൻസി നിക്ഷേപം തുടങ്ങിയവയിൽ നിക്ഷേപിച്ചാൽ ലാഭവിഹിതമായി ഇരട്ടി പണം കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ആയിരത്തിലേറെപ്പേരിൽ നിന്ന് അഞ്ഞൂറ് കോടി രൂപയോളം നിക്ഷേപം തട്ടിച്ച് ആറുമാസമായി മുങ്ങി നടക്കുകയായിരുന്ന കമ്പനി ഉടമയേയും പ്രൊമോട്ടറേയുമാണ് പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്.
തട്ടിപ്പ് സംഘത്തിലെ പ്രധാനിയും സ്ഥാപനത്തിന്റെ ഡയറക്ടറുമായ വടക്കാഞ്ചരി പുന്നംപറമ്പ് മലാക്ക കണ്ടരത്ത് വീട്ടിൽ രാജേഷ് മലാക്ക (കെ.ആർ രാജേഷ്-46 ), സ്ഥാപനത്തിന്റെ പ്രോമോട്ടർ തൃശൂർ അരണാട്ടുകര പല്ലിശ്ശേരി വീട്ടിൽ ഷിജോ പോൾ (45 ) എന്നിവർ ഏതാനും വർഷങ്ങൾക്കുളളിലാണ് കോടികൾ തട്ടിയെടുത്തത്. ടോൾ ഡീൽ വെഞ്ചേഴ്സ് എൽ.എൽ.പി, ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്നീ പേരുകളിലാണ് ഇവരുടെ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിൽ നിക്ഷേപം നടത്തി 55,000 രൂപ നഷ്ടപെട്ടുവെന്ന പഴുവിൽ സ്വദേശിയുടേയും, പലതവണകളിലായി 1,11,000 രൂപ കഴിഞ്ഞവർഷം തട്ടിയെടുത്തുവെന്ന കല്ലൂർ സ്വദേശിയുടേയും പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇത്തരം ചെയിൻ തട്ടിപ്പുകളിൽ ചേരുന്നവർക്ക് വരുമാനം ലഭിക്കുന്നത് പ്രധാനമായും അവർക്ക് കീഴിൽ കൂടുതൽ അംഗങ്ങളാകുമ്പോഴാണ് . കീഴിൽ കൂടുതൽ അംഗങ്ങളെ ചേർക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടാകും. പുതുതായി ആളുകൾ ചേരുമ്പോൾ കൂടുതൽ വരുമാനമുണ്ടാകുന്നത് പോലെ, ആളുകൾ ചേരാതിരിക്കുമ്പോൾ വരുമാനം കുറയാനും സാദ്ധ്യതയുണ്ട്. മണിചെയിൻ തട്ടിപ്പുകളെക്കുറിച്ച് പൊലീസ് ഫേസ്ബുക്ക് പേജിലും മറ്റ് സാമൂഹ്യമാദ്ധ്യമങ്ങളിലും നിരന്തരം ബോധവത്കരണ സന്ദേശങ്ങൾ നൽകുന്നുണ്ടെങ്കിലും തട്ടിപ്പ് നാൾക്കുനാൾ കൂടുകയാണെന്ന് ഉന്നതപൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. തട്ടിപ്പിനിരയായാലും നാണക്കേട് ഓർത്ത് പരാതി പറയുന്നവരും കുറവ്. ഇതാണ് തട്ടിപ്പുകാർക്ക് വളമാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പണം സ്വീകരിക്കുന്നത് കുറ്റം
1978ലെ പ്രൈസ് ചിറ്റ് ആൻഡ് മണി സർക്കുലേഷൻ നിരോധന നിയമ പ്രകാരം മൾട്ടിലെവൽ മാർക്കറ്റിംഗ് സ്ഥാപനങ്ങൾ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പണം സ്വീകരിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം. മോഹിപ്പിക്കുന്ന വരുമാനം വാഗ്ദാനം ചെയ്തുള്ള മൾട്ടി ലെവൽ മാർക്കറ്റിംഗുകളിൽ ജാഗ്രത പുലർത്തണമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.
നിങ്ങളെ കോടീശ്വരൻമാരാക്കാം, ഇതിനോടകം ഇരുന്നൂറു കോടീശ്വരന്മാരെ സൃഷ്ടിച്ചു എന്നെല്ലാം പരസ്യവാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പുകളേറെയും. നിരവധി പേർ രാജേഷ് മലാക്കയുടെ കെണിയിൽ വീണു. പത്തുമാസം കൊണ്ട് പണം ഇരട്ടിക്കുമെന്ന് കേട്ട് കടംവാങ്ങി വരെ ആളുകൾ നിക്ഷേപം നടത്തി. ക്രിപ്റ്റോ കറൻസി ഇടപാട്, ക്രൂഡോയിൽ ബിസിനസ് തുടങ്ങി സാധാരണക്കാർക്കു മനസിലാകാത്ത പേരുകൾ പറഞ്ഞായിരുന്നു നിക്ഷേപങ്ങൾ വാങ്ങിയത്. അൻപതിനായിരം രൂപ നിക്ഷേപിച്ചാൽ രണ്ടായിരം രൂപ വരെ പ്രതിദിനം കിട്ടുമെന്ന് വിശ്വസിപ്പിച്ചു. മൈ ക്ലബ് ട്രേഡിംഗ്, ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്നീ പേരുകളിലായിരുന്നു പലരും പണം നിക്ഷേപിച്ചത്.
വിദ്യാഭ്യാസം പ്രശ്നമല്ല
അഞ്ഞൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിനടക്കുന്നതിനിടെ പിടിയിലായ ഫ്യൂച്ചർ ട്രേഡ് ലിങ്ക് ഉടമ രാജേഷ് മലാക്കയുടെ വിദ്യാഭ്യാസം വെറും എട്ടാംക്ലാസാണ് ! തൃശൂർ വടക്കാഞ്ചേരിക്കടുത്ത് മലാക്കയിൽ കൊട്ടാരസമാനമായ വീടും കുതിരകളും നൂറുകണക്കിനു പശുക്കളുളള ഫാം ഹൗസുമെല്ലാമുള്ള രാജേഷ് വളരെ പെട്ടെന്നാണ് കോടീശ്വരനായത്. മലാക്ക രാജയെന്ന പേരിലാണ് അറിയപ്പെട്ടത്. വാഹനങ്ങളിലെല്ലാം മലാക്ക രാജ എന്നെഴുതിയിരുന്നു. കോയമ്പത്തൂരിൽ ബംഗ്ലാവിൽ കഴിയുമ്പോൾ പ്രതിമാസം നാല്‍പതിനായിരം രൂപയാണ് വാടക നല്‍കിയിരുന്നത്. അംഗരക്ഷകരുടെ അകമ്പടിയോടെ സിനിമാ സ്റ്റൈലിൽ രാജാവായി വിലസിയ രാജേഷിനെ പൂട്ടിയത് സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യയാണ്. തമിഴ്നാട് പൊലീസിന്റെ സഹകരണവും കേരള പൊലീസിന് ലഭിച്ചു. തൃശൂർ ഈസ്റ്റ് പൊലീസ് സംഘത്തെ കോയമ്പത്തൂരിലേക്ക് അയച്ചായിരുന്നു നീക്കം. അംഗരക്ഷകരെ തമിഴ്നാട് , കേരള പൊലീസുകാർ സംയുക്തമായി വിരട്ടിയാണ് കോയമ്പത്തൂരിലെ ഒളിസങ്കേതം വളഞ്ഞ് രാജേഷ് മലാക്കയെ പിടിച്ചത്. ആറുമാസമായി രാജേഷിനെ പൊലീസ് തിരയുകയായിരുന്നു. നേരത്തേയും സമാനമായ തട്ടിപ്പുക്കേസുകളിൽ പ്രതിയാണ് രാജേഷെന്ന് പൊലീസ് പറയുന്നു. വിവിധ പദ്ധതികളിലേക്ക് ആകർഷിച്ച് കോടിക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തതായും പൊലീസ് സംശയിക്കുന്നു. തട്ടിപ്പിനായി വിവിധ തരത്തിലുള്ള വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ഇ മെയിൽ വിലാസങ്ങൾ എന്നിവ സൃഷ്ടിച്ചതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. പുതിയ നിക്ഷേപകരെ കണ്ടെത്താൻ ഇവർ വലിയ ഹോട്ടലുകളിലാണ് യോഗങ്ങൾ സംഘടിപ്പിച്ചിരുന്നത്. ഇവരെ അറസ്റ്റ് ചെയ്തതറിഞ്ഞ് കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി നിക്ഷേപകരാണ് പൊലീസിനെ ബന്ധപ്പെട്ടത്. സ്ഥാപനത്തിന്റെ മറ്റു പ്രൊമോട്ടർമാരായ മലപ്പുറം കാളിക്കാവ് പാലക്കാതൊടി മുഹമ്മദ് ഫസൽ, തൃശൂർ പെരിങ്ങോട്ടുക്കര കുന്നത്തു പടിക്കൽ കെ.ആർ പ്രസാദ്, എരുമപ്പെട്ടി ഷങ്കേരിക്കൽ ലിജോ എന്നിവർ അടക്കം അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. നിക്ഷേപങ്ങൾ കൊണ്ട് സ്ഥലം വാങ്ങിയതായും ദുബായിൽ എട്ട് സ്ഥലങ്ങളിലായി കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയതായും പറയുന്നു. വടകരയിൽ സ്വർണാഭരണശാല തുടങ്ങാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയതായും സൂചനയുണ്ട്.
രാജേഷ് മലാക്കയുടേയും കൂട്ടാളിയുടേയും കോയമ്പത്തൂരിലെ ജനവാസകേന്ദ്രത്തിലെ ആഡംബര ഒളിത്താവളം വളരെ രഹസ്യമായാണ് പൊലീസ് നിരീക്ഷിച്ചുവന്നിരുന്നത്. തോക്കുധാരിയായ അംഗരക്ഷകനേയും മറികടന്ന് സാഹസികമായാണ് പിടികൂടിയത്. ഉൗട്ടിയിൽ ആഡംബര ഹോട്ടലിലായിരുന്നു മുൻപ് ഒളിവിൽ കഴിഞ്ഞിരുന്നത്. രാജേഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നൂറുകണക്കിന് പേർ തട്ടിപ്പിൽ ഇരകളായിട്ടുണ്ടെങ്കിലും പരാതികൾ ലഭിക്കുന്നത് കുറയുന്നതിനാൽ ഒരു കാര്യം ഉറപ്പാണ്, ഇനിയും ഇത്തരം തട്ടിപ്പുകാർ വലവീശും. വ്യാമോഹം മൂത്ത് പലരും വീഴുകയും ചെയ്യും.