
ഇരിങ്ങാലക്കുട: ചലച്ചിത്ര സഹസംവിധായകനും നടനുമായ ദീപു ബാലകൃഷ്ണനെ (41) ഇരിങ്ങാലക്കുട കൂടൽമാണിക്യം തെക്കേക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ അഞ്ചോടെ വീട്ടിൽ നിന്ന് കുളിക്കാനായി ഇറങ്ങി ഏഴായിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെരിപ്പും വസ്ത്രങ്ങളും കുളത്തിന്റെ പരിസരത്ത് കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്‌സ് ജീവനക്കാരെത്തിയാണ് മൃതശരീരം കുളത്തിൽ നിന്നെടുത്തത്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം തുടങ്ങിയ സിനിമകളുടെ സഹസംവിധായകനാണ്.
ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ജിജു അശോകന്റെ സഹസംവിധായകനായാണ് ചലച്ചിത്രമേഖലയിലെത്തിയത്. സിനിമകളിൽ പ്രവർത്തിക്കുന്നതിന് മുൻപേ വൺസ് ഇൻ മൈൻഡ് അടക്കമുള്ള ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ആൽബങ്ങളും പുറത്തിറക്കി. സ്വന്തമായി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇരിങ്ങാലക്കുട കാരുകുളങ്ങര വെളുത്തേടത്ത് ബാലകൃഷ്ണന്റെയും സീതമണിയുടെയും മകനാണ്. ഭാര്യ: നിമ്മി. മക്കൾ: പ്രാർത്ഥന, പത്മസൂര്യ. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.