കുന്നംകുളം: പോർക്കുളം പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസമായി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ധനസഹായത്തോടെ മങ്ങാട് കോട്ടിയാട്ട് കോൾപടവ് പാടശേഖരത്തിൽ 50 എച്ച്.പി സബ്‌മേഴ്‌സിബിൾ പമ്പ് സ്ഥാപിച്ചു.
കൃഷി കഴിഞ്ഞ് പമ്പ് എടുത്തു മാറ്റേണ്ടതില്ല എന്നതാണ് സബ്‌മേഴിസിബിൾ പമ്പിന്റെ പ്രത്യേകത. മുമ്പ് ഉപയോഗിച്ചിരുന്ന പെട്ടിപ്പറയേക്കാൾ ചെലവ് കുറവാണ്. കുറഞ്ഞ വൈദ്യുതിചാർജ്, വെള്ളം ഉൾക്കൊള്ളുന്നതിനുള്ള കാര്യക്ഷമത എന്നിവ കർഷകർക്ക് ഗുണകരമാകും. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ - പൊന്നാനി കോൾ പടവുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 250 കോടി രൂപയുടെ ഇൻഫ്രാസ്ട്രക്ചർ വികസനം അനുവദിച്ചതിന്റെ ഭാഗമായാണ് പമ്പ് സ്ഥാപിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിഷ ശശി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സി.ആർ. രാഗേഷ് പദ്ധതി വിശദീകരിച്ചു.