 
തൃശൂർ: കുടുംബവിഹിതമായി കിട്ടിയ സ്ഥലം രോഗികളും നിർദ്ധനരുമായവർക്ക് സൗജന്യമായി കൊടുക്കാൻ അദ്ധ്യാപിക ബേബി ഉഷ തീരുമാനിച്ചപ്പോൾ ചിറക് മുളച്ചത് വീടില്ലാത്തവരുടെ സ്വപ്നങ്ങൾക്ക്. തൃശൂർ പുത്തൂർ മരോട്ടിച്ചാൽ പൂക്കോട്ടുവാരിയം വീട്ടിൽ ബേബി ഉഷ, ടാറിട്ട റോഡും കുടിവെള്ള സൗകര്യവുമുള്ള 30 സെന്റ് വിട്ടുകൊടുത്തപ്പോൾ പുത്തൂർ പഞ്ചായത്തിലെ ഭൂരഹിതരായ 9 കുടുംബങ്ങൾക്ക് താങ്ങായി.
സെന്റിന് രണ്ടര ലക്ഷം മതിപ്പുവിലയുള്ളതാണ് സ്ഥലം. ഒരു വർഷം മുമ്പ് അന്തരിച്ച പിതാവ് പി. ഈച്ചരൻകുട്ടി വാരിയരുടെ സ്മരണ നിലനിറുത്താനാണ് സ്ഥലം നൽകിയത്. പുത്തൂരിൽ അംഗൻവാടിക്കായി മൂന്ന് സെന്റ് സ്ഥലം മൂന്ന് വർഷം മുമ്പ് ഈച്ചരൻകുട്ടി വാരിയർ നൽകിയിരുന്നു. ഒറ്റപ്പാലം ചുനങ്ങാട് എം.എസ്.വി.എം.യു.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപികയായ ബേബി ഉഷ അടുത്ത കൊല്ലം വിരമിക്കും. ജോലിയുമായി ബന്ധപ്പെട്ട് ഒറ്റപ്പാലത്താണ് താമസം.
വീടില്ലാത്ത വിദ്യാർത്ഥികളുടെ ദുരിതമറിഞ്ഞതാണ് ലൈഫ് ഭവന പദ്ധതിപ്രകാരമുള്ള 'മനസോടിത്തിരി മണ്ണ്' കാമ്പയിനിൽ പങ്കാളിയാകാൻ ബേബി ഉഷയ്ക്ക് പ്രചോദനമായത്. ഗുണഭോക്താക്കളെ സ്വയം തെരഞ്ഞെടുത്തു വാർഡ് മെമ്പർമാരുടെ സഹത്തോടെയാണ് അർഹരായ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. സ്ഥലം ലഭിച്ചവരുടെ കുട്ടികൾ ഇതേ സ്‌കൂളിൽ പഠിക്കുന്നുണ്ട്. ബേബി ഉഷയുടെ മാതാപിതാക്കൾ മരോട്ടിച്ചാൽ സ്‌കൂളിൽ പ്രധാന അദ്ധ്യാപകരായിരുന്നു. ബേബി ഉഷ പഠിച്ചതും ഇവിടെത്തന്നെ.
മരോട്ടിച്ചാൽ എ.യു.പി.എസിൽ നടന്ന ചടങ്ങിൽ ഭൂമിയുടെ ആധാരം റവന്യൂമന്ത്രി കെ. രാജന് കൈമാറി. അമ്മ സതിയും പങ്കെടുത്തു. 3 കുടുംബങ്ങൾക്ക് മന്ത്രി ആധാരം കൈമാറി. റിട്ട. ഹൈസ്‌കൂൾ അദ്ധ്യാപകൻ എം.വി. ബാലകൃഷ്ണനാണ് ബേബി ഉഷയുടെ ഭർത്താവ്. ബി.കോം അവസാന വർഷ വിദ്യാർത്ഥി ശ്രീകേഷാണ് മകൻ.
ഭൂരഹിതർക്ക് വീട് നൽകുന്ന പദ്ധതിയുടെ ഭാഗമായതിൽ സന്തോഷമുണ്ട്. ഈ ഉദ്യമം സുമനസുകൾക്ക് പ്രചോദനമാകട്ടെ.
- ബേബി ഉഷ.
എല്ലാവർക്കും ഭൂമിയെന്ന സർക്കാരിന്റെ ലക്ഷ്യത്തിനൊപ്പം നിന്ന ബേബി ഉഷ സമൂഹത്തിന് മാതൃകയാണ്. സർക്കാരിന്റെ ഉദ്യമത്തിൽ പങ്കാളികളാകുന്നവരെ പ്രത്യേക വേദിയിൽ ആദരിക്കും.
- കെ. രാജൻ, റവന്യൂ മന്ത്രി