horticorp

തൃശൂർ: കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികൾക്ക് മാർക്കറ്റ് മൊത്തവിലയേക്കാൾ 30 ശതമാനം മുതൽ അധികവില നൽകുന്ന, ഹോർട്ടികോർപ്പിന്റെ നാടൻ പഴം പച്ചക്കറികൾക്കായുള്ള പ്രീമിയം സ്റ്റാൾ ഇന്ന് മുതൽ തൃശൂരിലും. കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിക്കുന്ന സുരക്ഷിത പച്ചക്കറികളും പഴങ്ങളുമാണ് സ്റ്റാളിലൂടെ ന്യായവിലയിൽ നൽകുക. പ്രീമിയം സ്റ്റാളിലേക്ക് അതത് ദിവസത്തേക്ക് വിൽപ്പനയ്ക്ക് ആവശ്യമായ പഴങ്ങളും പച്ചക്കറികളും മാത്രമാണ് കർഷകരിൽ നിന്ന് സംഭരിക്കുക. സ്റ്റാളിലേക്ക് നൽകാൻ ആവശ്യമായ പഴങ്ങളും, പച്ചക്കറികളും മുൻകൂട്ടി ബുക്ക് ചെയ്യാം.

ലാഭത്തിൽ നിന്നൊരു പ്രീമിയം സ്റ്റാൾ

കൃഷിവകുപ്പിന്റെ പൊതുമേഖലാ സ്ഥാപനമായ ഹോർട്ടി കോർപ്പ്, കോഴിക്കോട് നഗരത്തിൽ ഇതേ പേരിൽ കേരളത്തിൽ ആദ്യമായി ആരംഭിച്ച പ്രീമിയം സ്റ്റാളിന്റെ ലാഭവിഹിതത്തിൽ നിന്നാണ് വീണ്ടും പ്രീമിയം സ്റ്റാൾ ആരംഭിക്കുന്നതിനുള്ള പണം കണ്ടെത്തിയത്. തൃശൂർ സേക്രഡ് ഹാർട്ട് സ്‌കൂളിന് സമീപം പൈപ്പ് ലൈൻ റോഡിൽ പ്രവർത്തിക്കുന്ന മൈലിപ്പാടം സ്റ്റാളാണ് പ്രീമിയം സ്റ്റാളായി നവീകരിച്ചിട്ടുള്ളത്. സംഭരിക്കുന്ന ഗ്രേഡ് ചെയ്ത പ്രീമിയം ക്വാളിറ്റി പഴങ്ങൾക്കും പച്ചക്കറികൾക്കും ഗുണനിലവാരവും ഉപഭോക്താക്കളിലെ ഡിമാന്റും കണക്കിലെടുത്താണ് ഉയർന്ന വില നിശ്ചയിച്ച് നൽകുക.

ഉത്പന്നങ്ങൾ

അഗ്മാർക്ക് നിലവാരമുള്ള തേൻ, കുട്ടനാട് മട്ട അരി, വെച്ചൂർ മട്ട വടി അരി, കാർഷിക സർവ്വകലാശാലാ അംഗീകാരമുളള കൈപ്പാട് ജൈവ അരി, അവൽ, പുട്ടുപൊടി, പത്തിരിപൊടി സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ കീഴിലെ കമ്പനിയുടെ സുഗന്ധവ്യജ്ഞനങ്ങളും സർക്കാർ സ്ഥാപനങ്ങളിലെ ഉത്പന്നങ്ങളും ലഭ്യമാക്കും. ദിവസേനയുളള വില നിലവാരം, സംഭരിക്കുന്ന ഇനങ്ങളുടെ ഫോട്ടോ, ഓഫറുകൾ എന്നിവയ്ക്കായി ഒരു പ്രീമിയം സ്റ്റാർ വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങുന്നുമുണ്ട്.

കർഷകരിൽ നിന്ന് സംഭരിക്കുന്ന പ്രീമിയം ക്വാളിറ്റി പഴങ്ങളുടെയും പച്ചക്കറികളുടെയും തുക ഉടൻതന്നെ കർഷകർക്ക് കൈമാറുന്നതിനായി റിവോൾവിംഗ് ഫണ്ട് നീക്കി വച്ചിട്ടുണ്ട്. കോഴിക്കോട് റീജ്യണൽ മാനേജരുടെ നേരിട്ടുളള നിയന്ത്രണത്തിലാണ് പ്രീമിയം സ്റ്റാൾ പ്രവർത്തിക്കുക. കർഷകർ പ്രീമിയം സ്റ്റാളിലേക്കായി നൽകുന്ന പച്ചക്കറികൾക്ക് കൃഷി ഓഫീസറുടെ സാക്ഷ്യപത്രം ആവശ്യമാണ്.

നടപടി ക്രമം ലഘൂകരിക്കുന്നതിനായി ഒരു സീസണിലേക്ക് ഒറ്റത്തവണ മാത്രം സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയാകും. പച്ചക്കറിയുടെ വില ഉടൻ തന്നെ കർഷകർക്ക് കൈമാറും.

- ടി.ആർ.ഷാജി, റീജ്യണൽ മാനേജർ, ഹോർട്ടികോർപ്പ്.

മൂന്നാറിലെ ശീതകാല പച്ചക്കറികൾ, അട്ടപ്പാടി മേഖലയിൽ നിന്ന് സംഭരിക്കുന്ന അപൂർവയിനം പച്ചക്കറികളും പഴങ്ങളും വയനാട് അടക്കമുള്ള വടക്കൻ ജില്ലകളിൽ നിന്നുള്ള പച്ചക്കറികളും ന്യായവിലയ്ക്ക് ലഭ്യമാകും. മറയൂർ ശർക്കര, പാഷൻ ഫ്രൂട്ട്, സ്‌ട്രോബറി, മരത്തക്കാളി, വെളുത്തുള്ളി എന്നിവയും മുതലമടയിലെ മാമ്പഴവും എത്തിക്കും. വിദേശ പഴങ്ങളായ ആപ്പിൾ, സിട്രസ്, പിയർ കേരളത്തിൽ ലഭ്യമല്ലാത്ത ഓറഞ്ച്, പേരയ്ക്ക, മുന്തിരി, അനാർ എന്നിവയും കേരളത്തിലെ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാത്ത മറുനാടൻ പച്ചക്കറികളും ന്യായവിലയ്ക്ക് പ്രത്യേക കൗണ്ടറിൽ സജ്ജമാക്കും.

കോർപറേഷന്റെ പരിധിയിൽ ഹോം ഡെലിവറി സംവിധാനം ഒരുക്കാനുളള നടപടികൾ സ്വീകരിക്കുന്നുണ്ട്. ഡെലിവറി ആരംഭിക്കും മുമ്പേ വാട്‌സാപ്പ് ഗ്രൂപ്പ് ഉപയോഗിക്കാം. സേവനങ്ങളെ സംബന്ധിച്ച നിർദ്ദേശങ്ങളും, പരാതികളും വാട്‌സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യാം. കസ്റ്റമർ കെയർ നമ്പർ: 9846533747.