വടക്കാഞ്ചേരി: 2021-22ലെ സ്വച്ച് സർവേഷൻ റാങ്കിംഗിൽ കേരളത്തിൽ നിന്നും വടക്കാഞ്ചേരി നഗരസഭയ്ക്ക് ഒന്നാം റാങ്ക്. കഴിഞ്ഞ ഒരു വർഷക്കാലത്തെ മാലിന്യ സംസ്‌കരണ, ശുചീകരണ പ്രവർത്തനങ്ങൾ, അവയ്ക്ക് വേണ്ടി നിലവിലുള്ള സംവിധാനങ്ങൾ, അവയുടെ പ്രവർത്തനക്ഷമത തുടങ്ങിയവ മാനദണ്ഡമാക്കിയാണ് റാങ്കിംഗ് നടക്കുന്നത്. ചെയ്ത പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷനും ഒരു പ്രധാന ഘടകമാണ്. അഖിലേന്ത്യാതലത്തിൽ സൗത്ത് സോണിൽ 73-ാം സ്ഥാനവും വടക്കാഞ്ചേരി നഗരസഭയ്ക്കുണ്ട്. സർവശുദ്ധി പദ്ധതി വഴി നടപ്പാക്കിയ മാലിന്യ ശേഖരണ സംസ്‌കരണ സംവിധാനങ്ങളും ഉദ്യാനപാത പദ്ധതി വഴി ശുചീകരണം നടത്തി പൂന്തോട്ടവത്കരിച്ച് മനോഹരമാക്കിയ പാതയോരങ്ങളും നഗരസഭയ്ക്ക് സ്വച്ച് സർവേഷൻ റാങ്കിംഗിൽ മുതൽക്കൂട്ടായി. പൊതുജനങ്ങൾക്കിടയിൽ നടത്തുന്ന വോട്ടിംഗിലും അഭിപ്രായ സർവേയിലും കേരളത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന നഗരസഭയാണ് വടക്കാഞ്ചേരി.
കൂടുതൽ പ്രാധാന്യത്തോടെയും
കൂടുതൽ നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മാലിന്യ സംസ്‌കരണ ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ മുന്നോട്ടു കൊണ്ടുപോകുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാക്ഷൻ അറിയിച്ചു.
കാര്യക്ഷമമായ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്കും അതുവഴി ജനങ്ങളുടെ ആരോഗ്യത്തിനും നഗരസഭ നൽകുന്ന പ്രാധാന്യത്തിന് ലഭിച്ച അംഗീകാരമാണിത്.
-പി.എൻ. സുരേന്ദ്രൻ
(നഗരസഭ ചെയർമാൻ)