ചാലക്കുടി: പരിയാരം കാഞ്ഞിരപ്പിള്ളിയിലെ റിലയൻസ് ഗോഡൗണിൽ കുഴിച്ച് മൂടുന്നതിന് 2 ടിപ്പർ ലോറിയിൽ കൊണ്ടുവന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്ത് അധികൃതർ തിരിച്ചയച്ചു. പ്ലാസ്റ്റിക്, തെർമോകോൾ തുടങ്ങിയവയുടെ അവശിഷ്ടങ്ങളാണ് പുഴത്തീരത്തുള്ള ഗോഡൗണിൽ മൂടുന്നതിന് കൊണ്ടുവന്നതെന്ന് പറയുന്നു. പരിസരവാസികൾ അറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്തംഗങ്ങളായ കെ.എസ്. രാധാകൃഷ്ണൻ, ഷിജു മുടിക്കൽ എന്നിവർ ഗോഡൗൺ മാനേജരുമായി സംസാരിച്ചു. മണ്ണുത്തിയിൽ നിന്നും എത്തിച്ച അവശിഷ്ടങ്ങൾ കുഴിച്ചുമൂടലാണ് ലക്ഷ്യമെന്ന് മാനേജർ ആദ്യം പറഞ്ഞു. പിന്നീട് കത്തിച്ചുകളയുമെന്നും അറിയിച്ചു. രണ്ടുകാര്യങ്ങളും നടക്കില്ലെന്ന് ജനപ്രതിനിധികൾ നിലപാടുകൾ സ്വീകരിച്ചതോടെ ഗോഡൗൺ ചുമതലക്കാർ ഭീഷിണിപ്പെടുത്തുംവിധം സംസാരിച്ചു. ഇതിനിടെ പഞ്ചായത്തിന്റെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചാലക്കുടി പൊലീസും രംഗത്തെത്തി. ഇത്തരം അവശിഷ്ടങ്ങൾ തിരിച്ചുകൊണ്ട് പോയില്ലെങ്കിൽ ഗോഡൗണിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അന്ത്യശാസനം നൽകിയതോടെ അവർക്ക് വഴങ്ങേണ്ടിവന്നു. പിന്നീട് ഇരുലോറികളും സാധനങ്ങളുമായി തിരിച്ചുപോയി. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ശക്തമായ നടപടികളുണ്ടാകുമെന്ന് എച്ച്.ഐ. ജിനോ സുധാകർ പറഞ്ഞു.