വരന്തരപ്പിള്ളി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി ആരോപിച്ച് വരന്തരപ്പിള്ളി പഞ്ചായത്ത് പ്രമേയം പാസാക്കി. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ 22 അംഗ ഭരണസമിതിയിൽ യു.ഡി.എഫ് ഉൾപ്പെടെ 18 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. 4 ബി.ജെ.പി അംഗങ്ങൾ പ്രമേയത്തെ എതിർത്തു. പഞ്ചായത്തിൽ ദേശീയതൊഴിലുറപ്പ് പദ്ധതിക്കെതിരെ പ്രമേയം കൊണ്ടുവന്നതിൽ ബി.ജെ.പി അംഗങ്ങൾ വിയോജന കുറിപ്പെഴുതി യോഗം ബഹിഷ്‌കരിച്ചു. പഞ്ചായത്ത് അംഗം അരുൺ മാഞ്ഞൂർ വിയോജന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് അംഗങ്ങളായ ടി.എസ്. അനിൽ, ബിന്ദു പ്രിയൻ, ശ്രുതി രാഗേഷ് എന്നിവർ ഇറങ്ങിപ്പോന്നു. പഞ്ചായത്തിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ മുൻ സംസ്ഥാന കൗൺസിൽ അംഗം രാജീവ് കണ്ണാറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ടി.എസ്. അനിൽ അദ്ധ്യക്ഷത വഹിച്ചു. സവിത സുരേഷ്, രാജീവ് പിടിക്കപറമ്പ് തുടങ്ങിയവർ പ്രസംഗിച്ചു.