
കൊടുങ്ങല്ലൂർ : സാഹിത്യകാരനും നോവലിസ്റ്റുമായ ടി.കെ.ഗംഗാധരന്റെ പുതിയ നോവലുകളായ ഈയലുകളുടെ നൃത്തം, മുസരിസിലെ ദേവദാസികൾ എന്നിവയുടെ പുസ്തക പ്രകാശനം തിരുവള്ളൂർ തിയേറ്റേഴ്‌സിൽ നടന്നു. 17 നോവലുകളും പത്തോളം കഥാ സമാഹാരങ്ങളും ഒരു ജീവചരിത്ര ഗ്രന്ഥവും ഇതിനകം ടി.കെ ഗംഗാധരൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി.കെ.ഗംഗാധരന്റെ സാഹിത്യ രംഗത്തെ സംഭാവനകൾ മുൻനിർത്തി നോവലുകളിലെ ജീവിത യാഥാർത്ഥ്യങ്ങളും വാമൊഴി വഴക്കങ്ങളും എന്ന വിഷയത്തെ മുൻ നിർത്തി മാടവന തിരുവള്ളൂർ തിയേറ്റേഴ്‌സ് ചർച്ച സംഘടിപ്പിച്ചു. സാഹിത്യകാരൻ പൂയപ്പള്ളി തങ്കപ്പൻ മാസ്റ്റർ ഉദ്ഘാടനവും പുസ്തക പ്രകാശനവും നടത്തി. ഡോ.കെ.പി.സുമേധൻ മാസ്റ്റർ അദ്ധ്യക്ഷനായി. സുധീഷ് അമ്മവീട് നോവൽ പരിചയപ്പെടുത്തി. ലൈബ്രറി പ്രസിഡന്റ് ശൈലേഷ്, കെ.എസ്.ബിജോയ്, പി.എസ്.സലിൻ, കെ.വി.മുരളീധരൻ, അജിത ഗോപിനാഥ് എന്നിവർ സംസാരിച്ചു.