1
കുങ്കിയാനയ്ക്കൊപ്പം പാലപ്പിള്ളിയിൽ എത്തിയ റാപ്പിഡ് റെസ്പോൺസ് ടീം അംഗം ഹുസൈൻ മരിച്ചത് സംബന്ധിച്ച് 2022 സെപ്തംബർ 16ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത.

വരന്തരപ്പിള്ളി: പാലപ്പിള്ളിയിലെ കാട്ടാനശല്യത്തിന് അറുതി വരുത്താൻ വനം വകുപ്പ് എത്തിച്ച കുങ്കിയാനകളായ ശരത്തും വിക്രമും മടങ്ങുന്നു. കാട്ടാനകളെ തുരത്താൻ കുങ്കിയാനകൾ എത്രത്തോളം ഫലപ്രദമാണെന്ന ചോദ്യം ഇപ്പോഴും ബാക്കി. വയനാട്ടിൽ നിന്നും കുങ്കിയാനകൾക്കൊപ്പം എത്തിയ റാപ്പിഡ് ആക്‌ഷൻ ടീമിൽ അംഗമായിരുന്ന ഹുസൈൻ ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് മരിച്ച നൊമ്പരം ബാക്കിവച്ചാണ് മടക്കയാത്ര.

സെപ്തംബർ രണ്ടിനാണ് കുങ്കിയാനകളും ആർ.ആർ.ടി ടീമും പാലപ്പിള്ളിയിൽ എത്തിയത്. കുങ്കിയാനകളുടെ സാനിദ്ധ്യം തിരിച്ചറിയുന്നതോടെ കാട്ടാനകൾ ഭയന്ന് കാടു കയറുമെന്നായിരുന്നു പ്രചാരണം. കുങ്കിയാനകളും പടക്കവും റബ്ബർ ബുള്ളറ്റും മറ്റും ഉപയോഗിച്ച് കാട്ടാനകളെ തുരത്താനുള്ള ദൗത്യം ഏതാനും ദിവസങ്ങളിൽ നടന്നെങ്കിലും കാട്ടാനകൾ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് മാറുന്നതായിരുന്നു നാടുകാർ കണ്ടത്.

കുങ്കിയാനകളെ തളച്ചിരുന്ന കള്ളായിയിൽ പോലും കാട്ടാനക്കൂട്ടം എത്തിയതോടെ നാട്ടുകാരുടെ പ്രതീക്ഷയകന്നു. ആനയുടെ അടിയേറ്റ് വാരിയെല്ല് തകർന്ന് ചികിത്സയിലിരിക്കെ ഹുസൈൻ മരിച്ചതോടെ ആർ.ആർ.ടി ടീമിന്റെ മനോധൈര്യവും ചോർന്നു. ഏതാനും ദിവസങ്ങളായി കാട്ടാനക്കൂട്ടം വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ കാരിക്കുളത്ത് തമ്പടിച്ച നിലയിലാണ്. ഇതിനിടെ വൈദ്യുതി വേലി ഉൾപ്പെടെയുള്ള സംവിധാനം അടിയന്തരമായി ഏർപ്പെടുത്തുവാനുള്ള ഹൈക്കോടതി ഉത്തരവും പുറത്തുവന്നു.

പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ചിലെ പുലിക്കണ്ണി മുതൽ നടാംപാടം വരെ വൈദ്യുതി വേലി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറായിട്ടുണ്ട്.

- ഫോറസ്റ്റ് റേഞ്ചേ ഓഫീസർ