swapna

തൃശൂർ: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിന് തിരി കൊളുത്തിയേക്കാവുന്ന വെളിപ്പെടുത്തലുമായി പ്രതി സ്വപ്ന സുരേഷിന്റെ പുസ്തകം 'ചതിയുടെ പദ്മവ്യൂഹം' വരുന്നു.

എൻ.ഐ.എയുടെ നിർബന്ധത്തിന് വഴങ്ങിയാണ് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞതെന്ന ശബ്ദ സന്ദേശത്തിന് വിരുദ്ധമായി സർക്കാരിലെ ഉന്നതരുടെ നിർബന്ധത്തിന് വഴങ്ങി തുടർഭരണം കിട്ടാനാണ് അങ്ങനെ പറഞ്ഞതെന്നാണ് പുസ്തകത്തിലുള്ളത്. മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും പങ്കില്ലെന്ന ശബ്ദരേഖ സർക്കാരിന് തുണയായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇടപാടുകൾ നടത്തിയതെന്നും ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ച് തന്നെ താലി ചാർത്തിയെന്നും പുസ്തകത്തിലുണ്ട്. ശിവശങ്കറിന്റെ പാർവതിയായിരുന്നു താൻ. കൂടെയുണ്ടാകുമെന്ന് ഉറപ്പു തന്നിരുന്ന ശിവശങ്കറിന്റെ ക്രിമിനൽ ബുദ്ധിയാണ് കേസന്വേഷണം എൻ.ഐ.എയിൽ എത്തിച്ചത്. സ്പ്രിങ്ക്‌ളർ ഇടപാടിൽ കോടികൾ ലഭിച്ച മുഖ്യമന്ത്രിയുടെ മകൾ വീണയെ രക്ഷിക്കാൻ ശിവശങ്കറിനെ ഇരയാക്കി. ഇതിന് പ്രതിഫലമായി ശിവശങ്കറിന് കോടികൾ ലഭിച്ചപ്പോൾ തന്നെ കുടുക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും കത്തയച്ചു. മുൻ മന്ത്രി കെ.കെ. ശൈലജയും ശിവശങ്കറുമായി ചില കാര്യങ്ങളിൽ തർക്കവും വടംവലിയും ഉണ്ടായിരുന്നതായും പുസ്തകത്തിലുണ്ട്.

കോടതിയിൽ നൽകിയ രഹസ്യമൊഴിയിലെ ചില കാര്യങ്ങളും മുൻമന്ത്രി ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നത് ഉൾപ്പെടെ സ്വപ്ന മുമ്പ് ഉന്നയിച്ച ആരോപണങ്ങളുമുള്ള 170 പേജുള്ള പുസ്തകം അടുത്തയാഴ്ച ഇറങ്ങുമെന്ന് പ്രസാധകരായ തൃശൂർ കറന്റ് ബുക്‌സ് അധികൃതർ പറഞ്ഞു.