job

തൃശൂർ: തൊഴിലന്വേഷകരെ തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസരമുണ്ടാക്കാനും അവസരങ്ങളും സഹായങ്ങളും പരിചയപ്പെടുത്താനുമായി തൊഴിൽസഭ വരുന്നു. ജില്ലയിൽ ജോലി തേടുന്ന അഞ്ച് ലക്ഷത്തോളം പേർ തൊഴിൽ സഭയിൽ പങ്കാളികളാകും. തൊഴിൽ തേടുന്നവർ, സ്വയംതൊഴിൽ സംരംഭകർ, തൊഴിൽദായക സംരംഭകർ, സംരംഭക പുനരുജ്ജീവനം ആവശ്യമുള്ളവർ, സംരംഭകത്വ മികവ് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ, നൈപുണ്യ വികസനം ആവശ്യമുള്ളവർ എന്നിവരുടെ കൂടിചേരലാണ് തൊഴിൽസഭയിൽ നടക്കുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റ് സംവിധാനങ്ങളുടെയും സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. നോളഡ്ജ് എക്കണോമി മിഷന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുടുംബശ്രീ നടത്തിയ സർവേയിൽ രജിസ്റ്റർ ചെയ്തവരാണ് തൊഴിൽ സഭയിൽ പങ്കാളികളാകുന്നത്.

തൊഴിൽസഭകൾ സംഘടിപ്പിക്കാൻ ഗ്രാമ, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ സംഘാടകസമിതി രൂപീകരിച്ചിരുന്നു. ഓരോ തൊഴിൽ സഭകളുടെയും പ്രവർത്തനം ഏകോപിപ്പിച്ച് നയിക്കുന്നതിന്റെ ഉത്തരവാദിത്വം തൊഴിൽസഭാ ലീഡിനായിരിക്കും.

'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതി സർവേ നടത്തിയ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളെയോ യുവജനക്ഷേമ ബോർഡ് നിർദേശിക്കുന്ന പ്രവർത്തകനെയോ തൊഴിൽസഭാ ലീഡ് ആക്കാം. ഈ ചുമതല ലഭിക്കുന്നയാൾ യുവജനക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്യണം.

ഒന്നോ അധിലധികമോ വാർഡ് ചേർത്ത് തൊഴിൽസഭ രൂപീകരിച്ച് പരമാവധി 200 മുതൽ 250 തൊഴിലന്വേഷകരെ വരെ അംഗങ്ങളാക്കും. ഇതിൽ 60 ശതമാനം പേരും സ്ത്രീകളാണ്. 21നും 30നും ഇടയിൽ പ്രായമുള്ള രണ്ടര ലക്ഷത്തോളം പേരും 31നും 40 നും ഇടയിൽ പ്രായമുള്ള ഒന്നര ലക്ഷത്തോളം പേരുമാണ് രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്യാത്ത പ്ലസ് ടു വിന് താഴെ യോഗ്യതയുള്ള തൊഴിലന്വേഷകർക്കും തൊഴിൽ സഭയിൽ പങ്കെടുക്കാം.

മുഴുവൻ തൊഴിലന്വേഷകർക്കും യോജിച്ച തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തൊഴിൽസഭയുടെ ജില്ലാതല ഉദ്ഘാടനം 13ന് മന്ത്രി കെ. രാജൻ നിർവഹിക്കും. വൈകിട്ട് രണ്ടിന് ആളൂർ പ്രസിഡൻസി ഹാളിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അദ്ധ്യക്ഷനാകും. തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഓൺലൈനായി സന്ദേശം കൈമാറും.

തൊഴിൽ അന്വേഷകർ കൂടുതലുളള തദ്ദേശസ്ഥാപനങ്ങൾ:

വടക്കാഞ്ചേരി നഗരസഭ - 11,320
കൊടുങ്ങല്ലൂർ നഗരസഭ - 11,150
എറിയാട് പഞ്ചായത്ത് - 8,520
മറ്റത്തൂർ പഞ്ചായത്ത് - 8,408