
തൃശൂർ/ വടക്കാഞ്ചേരി: അമ്മ തന്നെ അവസാനം വിളിച്ചത് ജൂൺ ആറിനായിരുന്നുവെന്നും കാണാതായപ്പോൾ പരാതി നൽകിയശേഷം ജീവനോടെയുണ്ടെന്നായിരുന്നു പൊലീസ് പറഞ്ഞതെന്നും നരബലിക്ക് ഇരയായ റോസ്‌ലിയുടെ മകൾ മഞ്ജു. അമ്മ ഒരു ചെറിയ ഫോണാണ് ഉപയോഗിച്ചിരുന്നത്. കാണാതായ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഫോണിന്റെ ഐ.എം.ഇ.ഐ നമ്പറൊന്നും കണ്ടുപിടിക്കാനായില്ലെന്നുമായിരുന്നു പൊലീസിന്റെ പ്രതികരണം. ചോദിക്കുമ്പോഴെല്ലാം അന്വേഷിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെന്നുമാണ് അറിയിച്ചത്. ഇന്നലെ രാവിലെ പൊലീസ് വിളിച്ചു വിലാസം ചോദിച്ചിരുന്നു.
അമ്മ ആറു വർഷമായി സജീഷ് എന്ന ആളുമൊത്താണ് താമസിച്ചിരുന്നത്. ലിവിംഗ് ടുഗെദറായിരുന്നു. കാലടി മറ്റൂരിൽ വാടകയ്ക്കു താമസിക്കുന്നതിനിടെ ജൂൺ എട്ട് മുതലാണ് അമ്മയെ കാണാതായത്. ഫോണിൽ വിളിച്ചപ്പോൾ കിട്ടാതിരുന്നതോടെ സജീഷിനോട് അന്വേഷിച്ചപ്പോഴാണ്, വീട്ടിലേക്കെന്നു പറഞ്ഞ് പോയശേഷം മടങ്ങി എത്തിയില്ലെന്ന് പറയുന്നത്. ബന്ധുവീടുകളിലെല്ലാം വിളിച്ച് അന്വേഷിച്ചപ്പോഴും അമ്മ അവിടെ എത്തിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. തുടർന്നാണ് ജോലി ചെയ്തിരുന്ന യു.പിയിൽ നിന്ന് നാട്ടിലെത്തി പരാതി നൽകിയത്.
അമ്മ ആലുവയിൽ ആയുർവേദ മരുന്നുകൾ വീടുകളിലെത്തി വില്പന നടത്തിയിരുന്നു. തന്റെ പിതാവുമായി അമ്മ 13 വർഷം മുൻപ് വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. മദ്യപിച്ചെത്തുന്ന സജീഷ് നിരന്തരമായി മർദ്ദിച്ചിരുന്നെങ്കിലും രേഖാമൂലം അമ്മ പൊലീസിൽ പരാതി നൽകിയിരുന്നില്ല. സജീഷിനെതിരെ നിരവധി കേസുകളുണ്ട്. പാദസരം, കമ്മൽ, മാല, മോതിരം അടക്കമുള്ള അമ്മയുടെ സ്വർണാഭരണങ്ങൾ സജീഷിനെ ഏൽപ്പിച്ചിരുന്നു. ഞാൻ പരാതിപ്പെട്ടപ്പോൾ കമ്മലും മാലയും പൊലീസ് വാങ്ങിത്തന്നു.
സഹോദരൻ സഞ്ജുവും പിതാവും കട്ടപ്പന ചേറ്റുകുഴിയിലാണ് താമസം. 20 വർഷം മുൻപാണ് അമ്മ വടക്കാഞ്ചേരിയിലെത്തിയത്. ജനുവരിയിൽ വടക്കാഞ്ചേരിയിൽ എത്തിയപ്പോഴാണ് അമ്മയെ അവസാനം കണ്ടത്. വീട്ടുജോലിക്കെല്ലാം പോയി വളരെ കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ വളർത്തിയത്. ഞങ്ങളെ സഹായിക്കാൻ ആരുമില്ലായിരുന്നു. അമ്മയ്ക്ക് വിദ്യാഭ്യാസമില്ല. വീട് മാറിയാലും എന്തുചെയ്താലും എന്നെ വിളിച്ച് അറിയിക്കുമായിരുന്നുവെന്നും മഞ്ജു പറഞ്ഞു.
കുഞ്ഞുമോൾ റോസ് ലിയായി
വടക്കാഞ്ചേരി: ഇലന്തൂരിൽ നരബലിക്ക് ഇരയായ ഇടുക്കി സ്വദേശി റോസ് ലി ഭർത്താവിനെ ഉപേക്ഷിച്ചാണ് സജീഷിന്റെ ഒപ്പം പോയത്. വടക്കാഞ്ചേരി
വാഴാനി റോഡിൽ ഓട്ടുപാറയിലെ ഉദയനഗറിൽ മകൾ മഞ്ജു വാടകയ്ക്ക് എടുത്തു കൊടുത്ത ഇരുനില വീട്ടിലാണ്താമസിച്ചിരുന്നത്. കുഞ്ഞുമോൾ എന്നായിരുന്നു പേര്. സജീഷിന്റെ കൂടെയായശേഷമാണ് റോസ് ലി എന്ന പേര് സ്വീകരിച്ചത്. ഇവിടെ സജീഷും നാട്ടുകാരുമായി പ്രശ്നമുണ്ടായതോടെയാണ്
കാലടിയിലേക്ക് പോയത്. പല സ്ഥലങ്ങളിലും മാറി താമസിച്ചിരുന്നതിനാൽ,എവിടെയെങ്കിലും ജോലി ചെയ്ത് ജീവിക്കുകയാണെന്നാണ് മകളും നാട്ടുകാരും കരുതിയത്. ആന്ധ്രയിൽ അദ്ധ്യാപികയായ മകൾ ഇപ്പോൾ ഈ വീട്ടിലാണ്.
ഇന്നലെ വാർത്ത പരന്നതോടെ വാഴാനി റോഡിലെ വീടിനു മുന്നിൽ ജനങ്ങൾ തടിച്ചുകൂടി. വലിയ സാമ്പത്തിക പരാധീനതയുള്ളതായി അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
റോസ് ലിയെ ക്രൂരമായി സജീഷ് മർദ്ദിച്ചിരുന്നതായി മഞ്ജു നാട്ടുകാരോട് പറഞ്ഞിരുന്നു. റോസ് ലിയുടെ കൈവശമുണ്ടായിരുന്ന സ്വർണവും മറ്റും സജീഷ് തട്ടിയെടുത്തതായി സംശയിക്കുന്നുണ്ട്.