dhar
കാർഷിക സർവകലാശാല രജിസ്ട്രാർ ഓഫീസിനു മുന്നിൽ എം​പ്ലോ​യീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​നടത്തിയ ധർണ.

തൃശൂർ: രമ്യ ഹരിദാസ് എം.പിയെ ഫേസ്ബുക്കിൽ അവഹേളിച്ചതിന് കാർഷിക സർവകലാശാല പടന്നക്കാട് കേന്ദ്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി.വി. ഡെന്നിയെ വൈറ്റില കേന്ദ്രത്തിലെ സെക്‌ഷൻ ഓഫീസറായി തരംതാഴ്ത്തി.

കഴിഞ്ഞ വർഷം നടന്ന സംഭവത്തെത്തുടർന്ന് അന്ന് വെള്ളാനിക്കര കാർഷിക സർവകലാശാല കേന്ദ്രത്തിൽ അസിസ്റ്റന്റ് കംപ്ട്രോളറായിരുന്ന ഡെന്നിയെ ഡോ. ചന്ദ്രബാബു വൈസ് ചാൻസലറായിരിക്കെ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് പടന്നക്കാട്ടേക്ക് മാറ്റി. സർവകലാശാല നിയോഗിച്ച അന്വേഷണ കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ എക്‌സിക്യൂട്ടിവ് കമ്മിറ്റിയാണ് തരംതാഴ്ത്താൻ തീരുമാനിച്ചത്.

രമ്യ ഹരിദാസിനെ അവഹേളിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഡെന്നി മറിപടി നൽകിയത് കമ്മിഷൻ മുഖവിലയ്‌ക്കെടുത്തില്ല. സ്ഥാനത്തിന് യോജിക്കാത്ത പ്രവൃത്തിയെന്നായിരുന്നു കണ്ടെത്തൽ. കാർഷിക സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായ ഡെന്നിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നലെ രജിസ്ട്രാർ ഓഫീസിനു മുന്നിൽ ധർണ നടത്തി. ജീവനക്കാരുടെ അവകാശത്തിന് വേണ്ടി പോരാടുന്ന ഡെന്നിയെ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ പ്രതികാര നടപടിക്ക് ഇരയാക്കിയെന്നാണ് അസോസിയേഷന്റെ വാദം.