 
ചാലക്കുടി: ചരിത്ര പ്രസിദ്ധമായ കൊരട്ടി പള്ളിയിലെ തിരുനാളിന് ഇന്ന് കൊടിയേറുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് അഞ്ചിന് ഫൊറോന വികാരി ഫാ. ജോസ് ഇടശ്ശേരി കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് കമ്പനിപ്പടി കപ്പേളയിലേക്ക് പ്രദക്ഷിണവും വ്യാപാരികളുടെ നേതൃത്വത്തിൽ തിരുനാൾ ആഘോഷവും നടക്കും. നാളെ ഉച്ചയ്ക്ക് കൊരട്ടി പൊലീസിന്റെ നേർച്ചക്കുല സമർപ്പണവുമുണ്ടാകും.
ശനിയാഴ്ച ദിവ്യബലിയും പ്രദക്ഷിണവുമാണ് പ്രധാന ചടങ്ങുകൾ. വൈകിട്ട് ദേവാലയത്തിനു ചുറ്റുമുള്ള പ്രദക്ഷിണത്തിന് ശേഷം വർണമഴയും സംഘടിപ്പിച്ചിട്ടുണ്ട്. തിരുനാൾ ദിനമായ ഒക്ടോബർ 16ന് രാവില അഞ്ചിന് കൊരട്ടിമുത്തിയുടെ അത്ഭുതരൂപം എഴുന്നള്ളിക്കും. പിന്നീട് തുടർച്ചയായ വിവിധ കുർബാനകളും ആരംഭിക്കും. വൈകിട്ട് മൂന്നിന് അങ്ങാടി ചുറ്റി പ്രദക്ഷിണവും ഒരുക്കിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള തിരുനാളിന് വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
പതിനായിരക്കണക്കിന് വിശ്വാസികൾ തിരുനാളിന് എത്തിച്ചേരും. ജനത്തിരക്ക് നിയന്ത്രിക്കുന്നത് നൂറുകണക്കിന് വളണ്ടിയർമാരും പൊലീസും ഉണ്ടാകും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. വികാരി ഫാ. ജോസ് ഇടശേരി, ട്രസ്റ്റിമാരായ നിജു ജോയ് തൈവളപ്പിൽ, ജോഫി നാൽപ്പാട്ട്, ജനറൽ കൺവീനർ ഡേവിസ് വല്ലൂരാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.