വടക്കാഞ്ചേരി: പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം എല്ലാ ആചാരാനുഷ്ഠാനങ്ങളോടുംകൂടി പ്രൗഢ ഗംഭീരമായി നടത്താൻ ഉത്രാളിക്കാവ് പൂരം സെൻട്രൽ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. ചീഫ് കോ-ഓർഡിനേറ്റർ എ.കെ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പറപ്പുറപ്പാട് ദിവസമായ ഫെബ്രുവരി 21മുതൽ തട്ടകദേശങ്ങളെ ഉണർത്തുന്ന രീതിയിൽ ഒരാഴ്ചക്കാലം മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിവിധ വർണ്ണക്കാഴ്ചകളും കാഴ്ചപ്പന്തലുകളും ഒരുക്കും. പറപുറപ്പാടിന് ശേഷം വെടിക്കെട്ടും ഉണ്ടാകും. 26ന് സാംമ്പിൾ വെടിക്കെട്ടും ആൽത്തറ മേളവും പൂരം ദിവസം ഭഗവതി പൂരത്തിന് ശേഷം ബുധനാഴ്ച പുലർച്ചെ നിയമാനുസൃതമായ വെടിക്കെട്ടും നടക്കും. ഈ വർഷത്തെ ആൽത്തറ മേളത്തിന് കല്ലൂർ ഉണ്ണിക്കൃഷ്ണൻ മാരാർ പ്രമാണം വഹിക്കും. ഓരോ വിഭാഗവും 11 ആനകളെ വീതം അണിനിരത്തും. വടക്കാഞ്ചേരി ദേശം പ്രസിഡന്റ് ടി.ജി. അശോകൻ, എങ്കക്കാട് വിഭാഗം പ്രസിഡന്റ് ബാബു പൂക്കുന്നത്ത്, വിവിധ ദേശങ്ങളെ പ്രതിനിധികരിച്ച്‌കൊണ്ട് പി.ജി. രവീന്ദ്രൻ, വി. സുരേഷ് കുമാർ, പി.ആർ. സുരേഷ് കുമാർ, പി.എൻ. ഗോകുലൻ, കെ.സതീഷ് കുമാർ, സി.ആർ. രാധാകൃഷ്ണൻ, പി.എൻ. വൈശാഖ്, പി.എൻ. രാജൻ, പി. അയ്യപ്പൻകുട്ടി എന്നിവർ പ്രസംഗിച്ചു.