ചാലക്കുടി: നഗരസഭയുടെ ആരോഗ്യവകുപ്പിലെ നികുതിയിളവിലെ കൃത്രിമത്തിന് ജെ.എച്ച്.ഐയെ സസ്‌പെൻഡ് ചെയ്തു. നൂറോളം സ്ഥാപനങ്ങൾക്ക് ഉദ്യോഗസ്ഥ കോഴ കൈപ്പറ്റി നികുതിയിളവ് നൽകിയെന്ന് അറിവായിട്ടുണ്ട്.
അഴിമതിക്കെതിരെ വിശദമായ അന്വേഷണത്തിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ലൈസൻസ് പുതുക്കി നൽകുന്നതിൽ നടത്തിയ അഴിമതിയിലൂടെ ചാലക്കുടി നഗരസഭയ്ക്ക് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ട്. സസ്പൻഷനിലായ ജെ.എച്ച്.ഐ ചാലക്കുടി നഗരസഭയിലെത്തിയത് രണ്ടു വർഷംമുൻപാണ്. നേരത്തെയും ഇവർക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ തമ്മിൽ നിലനിൽക്കുന്ന ചേരിപ്പോരാണ് അഴിമതി മറ നീക്കാൻ വഴിവച്ചതെന്നറിയുന്നു. ഇതു സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത ഏറെ ചർച്ചയായിട്ടുണ്ട്.
ആരോഗ്യ വകുപ്പിലെ അഴിമതി നഗരസഭാ ചെയർമാൻ വാർത്താ സമ്മേളനം നടത്തി പരസ്യപ്പെടുത്തിയത് സംഭവ വികാസങ്ങൾക്ക് പുതിയ മാനം കൈവരുത്തുകയും ചെയ്തു. ഗുരുതരമായ അഴിമതി നടന്നെന്നും നടപടികൾ തുടങ്ങിയെന്നും നഗരസഭാ ചെയർമാൻ എബി ജോർജ് പറയുമ്പോൾ ഒരു ജെ.എച്ച്.ഐ മാത്രം വിചാരിച്ചാൽ ഇത്തരം ഭീമമായ അഴിമതി നടക്കുകയില്ലെന്നും ഇതിന്റെ പിന്നിലുള്ള മറ്റുള്ളവരെ കണ്ടെത്തണമെന്നുമാണ് പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് ആവശ്യപ്പെടുന്നത്.
അതേസമയം അഴിമതി ആരോപണങ്ങളെക്കുറിച്ച് കൗൺസിലിൽ ചർച്ച ചെയ്യുന്നതിന് മുൻപ് പത്രസമ്മേളനം വിളിച്ചത് പ്രശ്‌നം സങ്കീർണമാക്കിയിട്ടുണ്ട്. കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചതോടെ സ്ഥിരംസമിതി അദ്ധ്യക്ഷന്മാർ തമ്മിലുള്ള നിഴൽ യുദ്ധം രൂക്ഷമായി. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഴിമതി നടത്തിയെന്ന് ആരോപിച്ച് നഗരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന് പിന്നിൽ പൊതുമരാമത്ത് വകുപ്പ് ചെയർമാനും മറ്റു ചിലരുമാണെന്ന് ആരോഗ്യകാര്യ അദ്ധ്യക്ഷൻ പറയുന്നു. പൊതുമരാമത്ത് വകുപ്പിലെ അഴിമതി വിവരങ്ങൾ പുറത്തുവന്നതിന് പിന്നിൽ താനാണെന്ന് സംയിക്കുന്നവരുടെ പകവീട്ടലാണ് പോസ്റ്ററിലൂടെ പ്രകടമാകുന്നതെന്നും ആരോഗ്യകാര്യ സമിതിയുടെ അമരക്കാരൻ പറയുന്നു. ആരോഗ്യകാര്യ അദ്ധ്യക്ഷൻ എത്തിയ ഉടനെ തിരക്കിട്ട് വാർത്താ സമ്മേളനം അവസാനിപ്പിച്ച എബി ജോർജിന്റെ നടപടിയും ശ്രദ്ധിക്കപ്പെട്ടു. പുതിയ സംഭവ വികാസങ്ങൾ നഗരസഭാ ഭരണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

നഗരസഭയ്ക്ക് ലക്ഷങ്ങൾ നഷ്ടം വരുത്തിയ ജെ.എച്ച്.ഐക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഇതിനായി 15ന് പ്രത്യേക കൗൺസിൽ യോഗം ചേരും. പരാതികൾ ലഭിച്ചയുടൻ നടന്ന പ്രാഥമിക അന്വേഷണത്തിൽ ജെ.എച്ച്.ഐയെ സസ്‌പെൻഡ് ചെയ്തു.
-എബി ജോർജ്
(നഗരസഭാ ചെയർമാൻ)

അഴിമതിയെപ്പറ്റി മറ്റു വകുപ്പുകളിൽകൂടി അന്വേഷണം വേണം. നഗരസഭയുടെ എല്ലാ വകുപ്പുകളിലും വൻ അഴിമതിയാണ് നടക്കുന്നതെന്ന പ്രതിപക്ഷ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞു. അടിമുടി അഴിമതിയിൽ മുങ്ങിയ നഗരസഭയുടെ ഭരണം സ്തംഭിച്ചിരിക്കുകയാണ്.
-സി.എസ്. സുരേഷ്
(പ്രതിപക്ഷ നേതാവ്).