മാള: ഇസ്രേയലിൽ നിന്നും തങ്ങളുടെ പൂർവികരുടെ ശേഷിപ്പുകൾ കാണാൻ മാളയിലെത്തിയ സംഘം നിരാശയോടെ മടങ്ങി. പൂട്ടിക്കിടക്കുന്ന സിനഗോഗും, ശ്മശാനവും, പൂർവികരുടെ വസതിയായിരുന്ന മാള പോസ്റ്റ് ഓഫീസും പുറത്തുനിന്നു കാണാനേ സംഘത്തിനായുള്ളൂ. സിനഗോഗ് തുറന്നു കാണിക്കുവാൻ ഉത്തരവാദിത്തപ്പെട്ട മുസ്‌രിസ് പൈതൃക പദ്ധതിയുടെ ആളുകളോ മാള പഞ്ചായത്ത് ഉദ്യോഗസ്ഥരോ സ്ഥലത്തുണ്ടായിരുന്നില്ല. കൊവിഡിന് മുമ്പ് സിനഗോഗ് കാണാനെത്തുന്നവർക്ക് പഞ്ചായത്തിന്റെ അനുമതിയോടെ കേന്ദ്രം സന്ദർശിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ സിനഗോഗിന്റെ താക്കോലുകൾ മുസ്‌രിസിന്റെ പക്കലാണ്. സിനഗോഗ് അറ്റകുറ്റപ്പണി നടത്തി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അറിയിച്ചെങ്കിലും പ്രവൃത്തികൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. മാളയിലെ ടൂറിസം വികസനത്തിൽ താത്പര്യം കാണിക്കേണ്ട പഞ്ചായത്ത് ഇക്കാര്യത്തിൽ കാണിക്കുന്ന അനാസ്ഥയിൽ ജനങ്ങൾ ഏറെ നിരാശയിലാണ്. തങ്ങൾക്കുണ്ടായ ദുരനുഭവം എംബസി വഴി കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും ഇസ്രേയൽ സംഘം പറഞ്ഞു.
മാള പോസ്റ്റ് ഓഫീസ് തങ്ങളുടെ തറവാട്
അന്നത്തെ മാള പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ ജനിച്ചു വളർന്ന് 1954ൽ ഇസ്രേയലിലേക്ക് കുടിയേറിയ അവിതാൽ, സലോമോ, അവിതാൽ, ഇൻബാർ, ഗാലി, ഇയാൽ, ഇയ്താൻ, ഇറേസ് എന്നിവരാണ് സംഘത്തിലുണ്ടായത്. ഇയാലിന്റെ മുത്തച്ഛൻ ആവോൺ മാളയിലാണ് ജനിച്ചത്. ഇയ്താന്റെ മുത്തശ്ശി തോബ താമസിച്ചിരുന്ന വീടായിരുന്നു ഇന്നത്തെ പോസ്റ്റ് ഓഫീസ്. ഇവർ ഒരാഴ്ചയായി കേരളത്തിൽ വന്നിട്ട്. ഞായറാഴ്ച അവധിയായതിനാൽ പോസ്റ്റ് ഓഫീസ് പുറമെ നിന്നും നോക്കിക്കണ്ടു. പിന്നീട് യഹൂദ ശ്മശാനം സന്ദർശിച്ചു. പൂർവികരുടെ ജന്മനാട്, ചരിത്ര ശേഷിപ്പുകൾ എന്നിവയുടെ സന്ദർശനം ഇനിയും തുടരാനാണ് ഇവർ ഇഷ്ടപ്പെടുന്നത്. കുടുംബത്തില എല്ലാവരും മാളയിലെത്തുന്നത് ഇത് ആദ്യമാണ്. പറവൂർ, ചേന്ദമംഗലം, എറണാകുളം, കൊച്ചി എന്നിവിടങ്ങളിലെ സിനഗോഗുകൾ, വിവിധ യഹൂദ സ്മാരകങ്ങൾ, ടൂറിസ്റ്റു കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിച്ച് പത്തു ദിവസം കഴിയുമ്പോൾ ഇവർ മടങ്ങും.