award

പി. അശോകൻ മെമ്മോറിയൽ അവാർഡ് മുൻ നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മാനിക്കുന്നു.

ചാലക്കുടി: എതിരാളികളെ വെട്ടിവീഴ്ത്തുന്നതും ബോബ് എറിയുന്നതും രാഷ്ട്രീയ പ്രവർത്തനമല്ലെന്നും അവയെല്ലാം കുറ്റകൃത്യങ്ങൾ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. റിട്ട. കസ്റ്റംസ് സൂപ്രണ്ടും രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനുമായിരുന്ന പി.അശോകന്റെ 15-ാം ചരമ വാർഷികത്തിൽ പി. അശോകൻ മെമ്മോറിയൽ മെറിട്ടോറിയസ് അവാർഡ് മുൻ നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊണ്ണൂറ് ശതമാനം പൊതുപ്രവർത്തകരും വീടും ജീവിതവും മറന്ന് നാടിനായി സേവനം ചെയ്യുന്നു. കൊവിഡ് കാലത്ത് അതെല്ലാം ജനങ്ങൾ തിരിച്ചറിഞ്ഞു- വി.ഡി. സതീശൻ പറഞ്ഞു. പൈലപ്പന്റെ ജീവിതവും ചാലക്കുടിയുടെ സ്പന്ദനായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ അനുസ്മരണ സമിതി ചെയർമാൻ പ്രൊഫ. എ.എം. മാത്യു അദ്ധ്യക്ഷത വഹിച്ചു. റബ്ബർ ബോർഡ് വൈസ് ചെയർമാൻ കെ.എ. ഉണ്ണിക്കൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ എൻഡോവ്‌മെന്റ്് വിതരണം നടത്തി. നഗരസഭാ ചെയർമാൻ എബി ജോർജ്, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ചീഫ് കോ-ഓർഡിനേറ്റർ അഡ്വ. ആന്റോ ചെറിയാൻ, ജനറൽ കൺവീനർ എൻ. കുമാരൻ, അഡ്വ. പി.ഐ. മാത്യു, ടി.കെ. ആദിത്യരാജ വർമ്മ എന്നിവർ പ്രസംഗിച്ചു.