
ചേർപ്പ്: എട്ടുമനയിലെ സ്വകാര്യ വ്യക്തിയുടെ ഫാമിൽ പന്നികൾ കൂട്ടമായി ചത്തൊടുങ്ങിയ സംഭവം ആഫ്രിക്കൻ പന്നിപ്പനിയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ഫാമിൽ അവശേഷിക്കുന്ന പന്നികളെയും ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ ഫാമുകളിലെ പന്നികളെയും കൊന്നൊടുക്കുമെന്ന് കളക്ടർ അറിയിച്ചു.
നടപടികൾ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ ആരംഭിക്കും. സമീപ പ്രദേശങ്ങളിൽ പന്നിയിറച്ചി വിൽക്കുന്ന സ്ഥാപനങ്ങൾ തത്കാലം അടച്ചിടണമെന്നും അധികൃതർ നിർദ്ദേശിച്ചു. അതേസമയം പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. പൊതുവേ മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പന്നിപ്പനി പടരാനുള്ള സാദ്ധ്യത കുറവാണ്. പന്നി ഫാമുകളിൽ സമ്പർക്കമുണ്ടായിരുന്ന ആളുകൾക്ക് ശാരീരിക അസ്വസ്ഥതകളുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.