
തൃശൂർ: സഹൃദയവേദി വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രൊഫ.സി.എൽ.ആന്റണി അവാർഡ് ഗ്രന്ഥകാരനും പണ്ഡിതനുമായ ഡോ.നടുവട്ടം ഗോപാലകൃഷ്ണനും (തിരുവനന്തപുരം) ഡോ.കെ.രാജഗോപാൽ അവാർഡ്, വന്ധ്യതാ നിവാരണരംഗത്തെ ഡോ.കെ.കെ.ഗോപിനാഥനും (എടപ്പാൾ) പ്രൊഫ.മരുമകൻ രാജ അവാർഡ്, പേരാമംഗലം ശ്രീ ദുർഗാവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായ പി.ശ്രീദേവിക്കും നൽകും. യുവകവിതാ ഗ്രന്ഥത്തിന് നൽകുന്ന പി.ടി.എൽ അവാർഡിന് എൻ.പി. സന്ധ്യയുടെ (പട്ടാമ്പി) പെൺബുദ്ധൻ' എന്ന ഗ്രന്ഥം അർഹമായി. ആദ്യത്തെ മൂന്ന് അവാർഡുകൾക്ക് 10,000 രൂപ വീതവും യുവകവിതക്ക് 5,000 രൂപയും ഉപഹാരം, പ്രശസ്തിപത്രം, പൊന്നാട എന്നിവ സമ്മാനിക്കും. ഈ മാസം 16ന് വൈകീട്ട് നാലിന് സാഹിത്യ അക്കാഡമി ഹാളിൽ ടി.എൻ.പ്രതാപൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്, സാഹിത്യ അക്കാഡമി വൈസ്പ്രസിഡന്റ് അശോകൻ ചരുവിൽ എന്നിവർ ചേർന്ന് സമർപ്പിക്കും. സാഹിത്യഅക്കാഡമി ചങ്ങമ്പുഴ ഹാളിൽ മുപ്പതോളം പേർ വരച്ച അമ്പതോളം ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം രാവിലെ ഡോ.കവിത ബാലകൃഷ്ണൻ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ഡോ.ഷൊർണൂർ കാർത്തികേയൻ, ബേബി മൂക്കൻ, പ്രൊഫ.വി.എ.വർഗ്ഗീസ് , ഡോ. സുഭാഷിണി മഹാദേവൻ, ജോയ് പോൾ.കെ എന്നിവർ പങ്കെടുത്തു.