വടക്കാഞ്ചേരി: വളരെക്കാലമായുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും മന്ത്രിയുടെയും കേരളത്തിലെ നഗരസഭകളുടെയും ആഗ്രഹമാണ് വടക്കാഞ്ചേരി നഗരസഭ സ്വച്ഛ് സർവേഷൻ റാങ്കിംഗിലൂടെ സഫലമാക്കിയത്. മാലിന്യ സംസ്‌കരണ രംഗത്ത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രകടനങ്ങളിൽ മുമ്പിലാണെങ്കിലും കൃത്യമായുള്ള ഡോക്യുമെന്റേഷന്റെയും റിപ്പോർട്ടിംഗിന്റെയും അഭാവത്താൽ മൂല്യനിർണയ സമയങ്ങളിൽ എപ്പോഴും പിറകിലാണ്. ഈ സാഹചര്യത്തിലാണ് അഖിലേന്ത്യാതലത്തിൽ സോണൽ വിഭാഗത്തിൽ ആദ്യം 100 റാങ്കിനുള്ളിൽ വടക്കാഞ്ചേരിക്ക് ലഭിക്കുന്നത് (73).
തദ്ദേശ സ്വയംഭരണ വകുപ്പ്, അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുടങ്ങിയവരുടെ നിരന്തര ഇടപെടലിന്റെയും ശുചിത്വമിഷൻ, ഹരിതകേരള മിഷൻ, കില തുടങ്ങിയ സംവിധാനങ്ങളുടെ സഹകരണത്തിന്റെയും പരിശീലന പരിപാടികളുടെയും ബലത്തിൽ വടക്കാഞ്ചേരി നഗരസഭ സ്വച്ച് സർവേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തി. ഹരിതകർമ്മ സേനാംഗങ്ങൾ എല്ലാ മാസവും വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് അജൈവമാലിന്യങ്ങൾ ശേഖരിച്ചും ജൈവമാലിന്യ സംസ്‌കരണത്തിന് ബയോബിൻ, ബയോഗ്യാസ് തുടങ്ങിയ സംവിധാനങ്ങൾ വിതരണം ചെയ്തും സാനിറ്റേഷൻ ജീവനക്കാർ വഴി പൊതുസ്ഥലങ്ങൾ കൃത്യമായി ശുചീകരണം നടത്തിയും പൂച്ചെടികൾ വച്ച് പാതയോരങ്ങൾ മനോഹരമാക്കിയും ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിൽ വടക്കാഞ്ചേരി നഗരസഭ നടത്തിക്കൊണ്ടിരിക്കുന്നത് കാര്യക്ഷമമായ പ്രവർത്തനങ്ങളാണ്. ഈ പ്രവർത്തനങ്ങൾ എല്ലാം നഗരസഭ കൃത്യമായി ഡോക്യുമെന്റ് ചെയ്തു. നഗരസഭ കൗൺസിലിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ നേട്ടം. ഡോക്യുമെന്റേഷൻ അടക്കമുള്ള പ്രവർത്തനങ്ങൾക്ക് ഹരിത സഹായ സ്ഥാപനമായ പെലിക്കൺ ഫൗണ്ടേഷനും ആദ്യാവസാനം നഗരസഭയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.
പെലിക്കൻ ഫൗണ്ടേഷന്റെ നൂതനമായ ഗ്രീൻ പ്രോട്ടോകോൾ പദ്ധതികൾ വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയുടെ മാലിന്യ സംസ്‌കരണ മേഖലയെ പുതിയ തലത്തിലേക്ക് എത്തിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്.
-പി.എൻ. സുരേന്ദ്രൻ
(നഗരസഭാ ചെയർമാൻ)