കാഞ്ഞാണി: ശാസ്‌ത്രോത്സവത്തെ വരവേൽക്കാൻ സ്‌കൂളുകൾ ഒരുങ്ങി. ഈ വർഷത്തെ തൃശൂർ വെസ്റ്റ് സബ്ജില്ലാ ശാസ്‌ത്രോത്സവം കണ്ടശ്ശാംകടവ് എസ്.എച്ച് ഓഫ് മേരീസ് സി.ജി.എച്ച്.എസ്, എസ്.എച്ച് ഓഫ് മേരീസ് സി.എൽ.പി.എസ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഹയർ സെക്കൻഡറി സ്‌കൂൾ, പി.ജെ.എം.എസ്.ജി എൽ.പി.എസ് എന്നീ സ്‌കൂളിലാണ് നടക്കുക.
കാരമുക്ക് വിളക്കുംകാൽ സ്വദേശിയായ ജോസഫ് തോലത്ത് രൂപകൽപ്പന ചെയ്ത ലോഗോയാണ് ശാസ്‌ത്രോത്സവത്തിന്റെ ലോഗോയായി തിരഞ്ഞെടുത്തത്. ഇന്നും നാളെയുമായിട്ടാണ് ശാസ്‌ത്രോത്സവം നടക്കുന്നത്. നൂറ്റിയിരൂപതോളം സ്‌കുളുകളിൽ നിന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി എന്നിവ ശാസ്‌ത്രോത്സവത്തിലുണ്ടാകും.
രാവിലെ ഒമ്പതിന് എ.ഇ.ഒ പി.ജെ. ബിജു പതാക ഉയർത്തും. ഉച്ചയ്ക്ക് 12ന് റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ അദ്ധ്യഷനാകും. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയാകും. ഒരുക്കങ്ങളെല്ലാം പൂർത്തികരിച്ചുവെന്ന് എസ്.എച്ച് ഓഫ് മേരീസ് സി.ജി.എച്ച്.എസ് പ്രധാന അദ്ധ്യാപികയും ശാസ്‌ത്രോത്സവം ജനറൽ കൺവീനറുമായ സി. ഐറിൻ ആന്റണി പറഞ്ഞു.