തൃശൂർ: 2013-14 ൽ നഗരത്തിലെ വിവിധ റോഡുകൾ കുഴിച്ച് കേബിൾ സ്ഥാപിച്ചതിലൂടെ റിലയൻസ് ജിയോ കമ്പനി വരുത്തിവച്ച ആറ് കോടി രൂപയും നഷ്ടം ആ കമ്പനിയിൽ നിന്ന് ഈടാക്കാൻ കോർപറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. നഷ്ടം നികത്താതിരുന്നത് അക്കാലത്തെ സി.പി.എം ഭരണസമിതിയാണെന്ന് പ്രതിപക്ഷവും കരാർ നൽകിയത് മുൻ കോൺഗ്രസ് ഭരണ സമിതിയാണെന്ന് ഭരണപക്ഷവും കുറ്റപ്പെടുത്തി. റിലയൻസ് ജിയോ കമ്പനി പോസ്റ്റുകൾ സ്ഥാപിച്ചും റോഡുകൾ കുഴിച്ചും കേബിൾ വലിച്ചതിലൂടെ കോർപറേഷന് ആറു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അജൻഡയിൽ പറയുന്നത്. റിലയൻസിനു കരാർ നൽകിയതുമായി ബന്ധപ്പെട്ട അഴിമതികൾ വിജിലൻസിന് കൈമാറാൻ 2017 ൽ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നുവെങ്കിലും തുടർനടപടികളുണ്ടായില്ല.
2013-14 കാലഘട്ടത്തിൽ കോർപറേഷന് റിലയൻസ് കമ്പനി വരുത്തിവച്ച ആറുകോടി രൂപയുടെ നഷ്ടം കമ്പനിയിൽ നിന്ന് ഈടാക്കാൻ നടപടിയെടുക്കുമെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു. 2015 മുതൽ ഇടതുഭരണമായിട്ടും നഷ്ടമായ തുക റിലയൻസിൽ നിന്ന് ഈടാക്കിയില്ലെന്നും റിലയൻസിനെതിരേ സമരവുമായി അന്നത്തെ സി.പി.എം കൗൺസിലർ എം.പി. ശ്രീനിവാസൻ രംഗത്തിറങ്ങിയതും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കോർപറേഷന് റിലയൻസ് നൽകാനുള്ള മുഴുവൻ തുകയും പലിശയും പിഴപ്പലിശയും സഹിതം തിരിച്ചുപിടിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. കണക്കുകൾ നോക്കി തുക തീരുമാനിക്കണമെന്ന് ഷീബ ബാബു പറഞ്ഞു. റിലയൻസിൽ നിന്ന് മുഴുവൻ തുകയും പിടിച്ചെടുക്കണമെന്ന് ബി.ജെ.പി അംഗം പൂർണിമ സുരേഷ് ആവശ്യപ്പെട്ടു. ജോൺ ഡാനിയൽ, പി.കെ. ഷാജൻ. വർഗീസ് കണ്ടംകുളത്തി, ലാലി ജെയിംസ്, വിനോദ് പൊള്ളഞ്ചേരി, ജയപ്രകാശ് പൂവത്തിങ്കൽ തുടങ്ങിയവരും സംസാരിച്ചു.
മറ്റ് യോഗ തീരുമാനങ്ങൾ