കൊടുങ്ങല്ലൂർ: ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി കാട് വെട്ടിത്തെളിച്ച് വാർഡ് കൗൺസിലർ. നഗരസഭയിലെ കോട്ടപ്പുറം വാർഡ് കൗൺസിലർ വി.എം. ജോണിയുടെ നേതൃത്വത്തിലാണ് സാമൂഹിക വിരുദ്ധർ തമ്പടിക്കുന്ന കോട്ടപ്പുറത്തെ കാടുപിടിച്ച പ്രദേശങ്ങൾ ശുചീകരിച്ചത്. കോട്ടപ്പുറം പാലത്തിന് സമീപം ദേശീയപാത അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വർഷങ്ങളായി കാടുപിടിച്ച നിലയിലാണ്. ഇവിടെ കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ ലഹരി ഉപയോഗം ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് അധികൃതരെ വിവരം ധരിപ്പിച്ചെങ്കിലും നടപടിയൊന്നും ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് വി.എം. ജോണിയുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് കാടുപിടിച്ച സ്ഥലം ശുചീകരിച്ചത്. വർഷങ്ങളായി കാടുമൂടി ഉപയോഗശൂന്യമായ എൻ.എച്ച് വക കെട്ടിടവും വൃത്തിയാക്കി. സമീപത്തെ പാതയോരത്തുകൂടി പോകുന്ന വിദ്യർത്ഥികളും അദ്ധ്യാപകരും ഭീതിയോടെയാണ് ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്നത്. ലഹരി കൈമാറ്റവും ഉപയോഗവും ഈ ഭാഗത്ത് നിത്യ കാഴ്ചയാണെന്ന് പറയുന്നു.