ചാലക്കുടി: ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷനെ അപകീർത്തിപ്പെടുത്തി നഗരസഭ കാര്യാലയത്തിന്റെ മതിലിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പരാതി നൽകി തലയൂരാൻ ചെയർമാൻ. കാര്യമായ അന്വേഷണത്തിന് വകയില്ലെന്ന നിലപാടിൽ പൊലീസും. നാലു ദിവസം മുൻപ് പോസ്റ്റർ ഒട്ടിച്ചതിനെ തുടർന്ന് സെക്രട്ടറിയാണ് പൊലീസിൽ പരാതി നൽകിയത്. ചെയർമാന്റെ നിർദ്ദേശത്തോടെ നൽകിയ പരാതി ഇതോടെ പ്രഹസനമാകുമെന്ന് ഉറപ്പായി. ഇത്തരം കേസുകളിൽ പൊലീസിന് നേരിട്ട് കേസെടുക്കാൻ ആകില്ലെന്ന് പൊലീസ് ചെയർമാനെ അറിയിച്ചിട്ടുണ്ട്. കോടതിയുടെ അനുമതിയുണ്ടായാൽ മാത്രമെ ഇതിനു സാദ്ധ്യമാകൂ. പൗരസമിതിയുടെ പേരിലുള്ള പോസ്റ്ററിന് പിന്നിൽ ഭരണസമിതിക്കാർ തന്നെയാണെന്നാണ് ആരോഗ്യകാര്യ അദ്ധ്യക്ഷൻ പരസ്യമായി പറഞ്ഞത്. അഴിമതികളും അണിയറയിലെ ചേരിപ്പോരും മറയ്ക്കുന്നതിന് തന്റെ പേരിൽ വിവാദമുണ്ടാക്കിയത്് ഉന്നതരുടെ ഗൂഢാലോചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇതോടെ പൊതുമരാമത്ത് വകുപ്പിൽ നടക്കുന്ന വൻ അഴിമതികൾ പുറത്തുവരാനും ഇടയാക്കുമെന്നും പറയുന്നു.
ആരോഗ്യ വകുപ്പിൽ താഴെക്കിടയിലെ ഉദ്യോഗസ്ഥയുടെ പേരിലുള്ള ആരോപണങ്ങൾ ചെയർമാൻ വാർത്താസമ്മേളനം നടത്തി പുറത്തു പറഞ്ഞതിന് പിന്നിൽ ഒരു ലോബിയുടെ നീക്കങ്ങളാണെന്ന് ആരോഗ്യകാര്യസമിതി അദ്ധ്യക്ഷൻ സംശയിക്കുന്നു. ഉദ്യോഗസ്ഥയെ ഇതിന്റെ പേരിൽ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. കൂടുതൽ നിയമ വിരുദ്ധ പ്രവൃത്തികൾ കണ്ടെത്തിയതിൽ അന്വേഷണത്തിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർ നടപടികൾക്കായി നഗരസഭ കൗൺസിലും ചേരുന്നുണ്ട്. ഇതിനിടെയാണ് അപ്രതീക്ഷതമായി വാർത്താ സമ്മേളനം നടന്നത്. ഭരണസമിതിയിലുണ്ടായ പൊട്ടിത്തെറിയും കലുഷിതമായ അന്തരീക്ഷവും ലഘൂകരിക്കാൻ ഒരു ഭാഗത്തു നിന്നും നീക്കങ്ങളുമുണ്ടായില്ല. വകുപ്പുകൾ തമ്മിൽ ശത്രുതയും ആരോപണ, പ്രത്യാരോപണങ്ങളും തകൃതിയായി നടക്കുകയാണ്.