nethra-
ആയുർവേദ നേത്രവിഭാഗത്തിലെ ചികിത്സ

തൃശൂർ: രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലെ നേത്ര ചികിത്സാ വിഭാഗം, അഡ്വാൻസ്ഡ് സെന്റർ ഫോർ ഐ കെയർ ആക്കണമെന്ന് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിർദ്ദേശം. ഇതുസംബന്ധിച്ച് ജില്ലാ പഞ്ചായത്തിലുള്ള റിപ്പോർട്ടിന് അംഗീകാരമായാൽ അത്യാധുനികചികിത്സ ലഭ്യമാകും.

ഇതോടെ കേന്ദ്രത്തിന്റെ സേവനം രാജ്യത്ത് തിരിച്ചറിയപ്പെടാനും കേന്ദ്രആയുഷ് വകുപ്പിൽ നിന്ന് അടക്കം ഗവേഷണപദ്ധതികൾ ഏറ്റെടുക്കാനുമാവും. കൂടുതൽ ജീവനക്കാരെ നിയോഗിച്ചും അത്യാധുനിക ഉപകരണം സ്ഥാപിച്ചും നേത്രചികിത്സ കൂടുതൽ ഫലപ്രദമാക്കാനുമാകും. മുൻകാലങ്ങളിൽ നേത്ര ചികിത്സാവിഭാഗം ഉണ്ടായിരുന്നെങ്കിലും ആധുനിക പരിശോധനാ സംവിധാനത്തോടെ നേത്രവിഭാഗം തുടങ്ങിയത് 2013ലായിരുന്നു. സംസ്ഥാന സർക്കാരിന്റെ 'ദൃഷ്ടി' പദ്ധതി 'കുട്ടികളുടെ കാഴ്ച്ച കുറവിന് ആയുർവേദ പരിഹാരം' എന്ന കാഴ്ചപ്പാടിൽ തുടങ്ങിയതോടെയാണിത്. ചികിത്സയ്ക്ക് മുൻപും ശേഷവും കാഴ്ച്ചപരിശോധന നടത്തി, ആയുർവേദത്തിന്റെ ഗുണഫലം ബോദ്ധ്യപ്പെടുത്തി.

ആധുനിക പരിശോധനാ ഉപകരണങ്ങൾ വാങ്ങി. പ്രമേഹാന്ധത, ഗ്‌ളോക്കോമ തുടങ്ങി അന്ധതയിലെത്തിച്ചേരാവുന്ന അസുഖങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയാനുള്ള പദ്ധതിയും നാഷണൽ ആയുഷ് മിഷൻ വഴി തുടങ്ങി. കൂടുതൽ രോഗികളെ ക്യാമ്പിൽ കണ്ടെത്താനും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുമായി. ശാസ്ത്രീയവിവരങ്ങൾ പ്രസിദ്ധീകരിച്ചു.

മരുന്നുൽപ്പാദനവും...

നേത്രചികിത്സയ്ക്ക് ആവശ്യമായ തുള്ളി മരുന്നുകൾ ഇവിടെ ഉണ്ടാക്കുന്നുണ്ട്. മുൻമന്ത്രി വി.എസ്.സുനിൽകുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയ്ക്ക് വിവിധ ഉപകരണങ്ങൾ വാങ്ങാൻ അനുമതി നൽകി. ഈ ഉപകരണങ്ങൾ വന്നതോടെ ആധുനിക പരിശോധനയും വിദഗ്ദ്ധചികിത്സയും ലഭ്യമാക്കുന്ന കേന്ദ്രമായി. ജില്ലാ പഞ്ചായത്ത് പ്രമേഹരോഗികൾക്കുള്ള സ്‌പെഷ്യൽ ഒ.പി നടത്താനുള്ള ഔഷധം ലഭ്യമാക്കുന്നുമുണ്ട്. നേത്രരോഗ സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.പി.കെ.നേത്രദാസാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.

പ്രധാനപരിശോധനകൾ

ഒ.സി.ടി റെറ്റിന സ്‌കാനിംഗ് മെഷിൻ


റെറ്റിനയുടെയും ഒപ്റ്റിക് നെർവിന്റെയും അവസ്ഥ അറിയാനും പ്രശ്‌നങ്ങൾ കണ്ടുപിടിക്കാനുമുള്ള സ്‌കാനിംഗ് മെഷീനാണ് ഒപ്റ്റിക്കൽ കൊഹറൻസ് ടോമോഗ്രാഫി. നേർക്കാഴ്ച്ച തരുന്ന ഭാഗത്തുണ്ടാകുന്ന നീര്, റെറ്റിന വിട്ടിരിക്കുന്ന അവസ്ഥ തുടങ്ങിയവ കണ്ടുപിടിക്കാനാകും. കണ്ണുകൾ മരുന്ന് ഒഴിച്ച് വികസിപ്പിച്ച ശേഷമാണ് ടെസ്റ്റ് നടത്തുന്നത്. റെറ്റിനയുടെ കട്ടി കൂടുതലോ കുറവോ എന്നറിയാനും അതിനനുസരിച്ച് ചികിത്സാരീതി തീരുമാനിക്കാനും രോഗികളിൽ രോഗാവസ്ഥ അറിയാനും രോഗം മൂർച്ഛിക്കുന്നുണ്ടോ എന്നറിയാനും സ്‌കാനിംഗ് വഴി കഴിയും.

എച്ച്.എഫ്.എ ( ഫീൽഡ് ടെസ്റ്റ് )

വശങ്ങളിലെ കാഴ്ച കുറഞ്ഞ് ക്രമേണ പൂർണമായും കാഴ്ച ഇല്ലാതാക്കുന്ന ഗ്‌ളോക്കോമ തുടക്കത്തിൽ കണ്ടുപിടിക്കാനാണ് ഓട്ടോമാറ്റിക് പെരിമീറ്റർ (ഫീൽഡ് അനലൈസർ) ഉപയോഗിക്കുന്നത്. റെറ്റിനയുടെ തകരാർ കാരണവും തലച്ചോറിൽ വരുന്ന തകരാർ മൂലവും പലതരത്തിൽ കാഴ്ച്ചക്കുറവ് വരാറുണ്ട്. ഇത്തരം കാഴ്ച്ച കുറവുകൾ ചാർട്ട് രൂപത്തിലാക്കി തരും. ചികിത്സയ്ക്ക് മുൻപും ശേഷവും ഇവ എടുക്കുന്നത് ചികിത്സാ പുരോഗതി നിശ്ചയിക്കുന്നതിൽ സഹായിക്കും.

വിഷ്വൽ അക്വിറ്റി


ദൂരത്തേക്കും അടുത്തേക്കുള്ള കാഴ്ചശക്തി എത്രയുണ്ട് എന്ന് അളക്കാനുള്ള ചാർട്ട് രൂപത്തിലുള്ള പരിശോധനാ ക്രമമാണിത്.