
തൃശൂർ: സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകൾ രൂപീകരിക്കുമെന്ന് മന്ത്രി കെ.രാജൻ. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൂടി പിന്തുണയോടെയാകും ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഡി.എം) ക്ലബ്ബുകൾ രൂപീകരിക്കുക. എല്ലാ ആഴ്ചകളിലും വിവിധങ്ങളായ വിഷയങ്ങൾ കുട്ടികൾക്ക് സംസാരിക്കാനും ദുരന്തത്തെ നേരിടാൻ എങ്ങനെ പരിശീലിപ്പിക്കണമെന്നും പഠിപ്പിക്കുകയാണ് ക്ലബ് ലക്ഷ്യമിടുന്നത്. വയനാട് ജില്ലയിൽ ഇതിനുള്ള നടപടിയാരംഭിച്ചെന്നും മന്ത്രി പറഞ്ഞു.
ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും കൂട്ടിയോജിപ്പിച്ച് 'സജ്ജം' എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിക്ക് പട്ടിക്കാട് ഗവ. സ്‌കൂളിലാണ് തുടക്കമാകുന്നത്. ടി.എൻ.പ്രതാപൻ എം.പി അദ്ധ്യക്ഷനായി. സ്‌കൂളുകളിൽ സുരക്ഷാ പ്ലാനുകൾ തയ്യാറാക്കാനും പ്രാവർത്തികമാക്കാനും സഹായിക്കുന്ന 'ഉസ്‌കൂൾ ആപ്പ്' എം.പി പ്രകാശനം ചെയ്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യൂണിസെഫിന്റെ സഹകരണത്തോടെ ആണ് ആപ്പ് വികസിപ്പിച്ചത്.
ദുരന്ത ലഘൂകരണ പ്രദർശനത്തിന്റെ ഉദ്ഘാടനം യൂണിസെഫ് സോഷ്യൽ പോളിസി ചീഫ് ഹ്യുൻ ഹീ ബാൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, ദുരന്ത നിവാരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ജില്ലാ കളക്ടർ ഹരിത വി.കുമാർ തുടങ്ങിയവർ പങ്കെടുത്തു.