പാവറട്ടി: പറപ്പൂർ കോൾ മേഖലയിലെ കർഷകർക്ക് ആശ്വാസമായി പതിയാർക്കുളങ്ങര കനാലിൽ പുതിയ തടയണയുടെ നിർമ്മാണം തുടങ്ങി. തോളൂർ പഞ്ചായത്തിൽപ്പെട്ട പതിയാർക്കുളങ്ങരയിൽ മുല്ലശ്ശേരി കനാലിന് കുറുകെയാണ് പുതിയ തടയണ നിർമ്മിക്കുന്നത്. നിർമ്മാണത്തിന്റെ ഭാഗമായി ഇരുകരകളിലും വെള്ളം തടഞ്ഞുനിറുത്തി ചിറകെട്ടിയിട്ടുണ്ട്. സേവിയർ ചിറ്റിലപ്പള്ളി എം.എൽ.എ.യുടെ ശുപാർശ പ്രകാരം നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ച്ചർ വികസന ഫണ്ടിൽനിന്ന് 1.47 കോടി രൂപ അനുവദിച്ചാണ് നിർമ്മാണം. കെ.എൽ.ഡി.സിക്കാണ് നിർമ്മാണച്ചുമതല. ഡിസംബറിൽ നിർമാണം പൂർത്തിയാകും.
വേനൽക്കാലത്ത് ചിമ്മിനി ഡാമിൽ നിന്ന് വരുന്ന വെള്ളം കൃഷിക്കായി സംഭരിക്കാൻ പുതിയ തടയണയ്ക്ക് സാധിക്കും. സാധാരണ ചിമ്മിനിയിൽ നിന്നും കൃഷി ആവശ്യത്തിനായി തുറന്നു വിടുന്ന വെള്ളം അവസാന ഭാഗമായ പറപ്പൂർ മേഖലയിലേക്ക് എത്താത്ത പ്രശ്‌നം ഉണ്ടായിരുന്നു. തടയണ വരുന്നതോടെ പറപ്പൂർ സംഘം കോൾ സൗത്ത്, സംഘം കോൾനോർത്ത്, തരിശു കരിമ്പന, നായക്കൽ കോൾ, കളിപ്പാടം, ചിരുകണ്ടത്ത് പടവ്, പോന്നോർത്താഴം, വടക്ക് പോന്നോൾത്താഴം എന്നീ പടവുകളിൽ കൃഷിക്ക് സുലഭമായി വെള്ളം ലഭിക്കും.

മുള്ളൂർക്കായലിലെ ജലവിതാനം നിയന്ത്രിക്കും
മുള്ളൂർക്കായലിലെ ജലവിതാനം നിയന്ത്രിക്കാവുന്ന തരത്തിൽ ആധുനിക സംവിധാനങ്ങൾ അടങ്ങിയ ഷട്ടറുകൾ അടക്കം എട്ട് സ്പാനുകൾ അടങ്ങിയ തടയണയാണ് നിർമ്മിക്കുന്നത്. 25 മീറ്റർ നീളവും മൂന്നു മീറ്റർ വീതിയും രണ്ടര അടി ഉയരവും ഉള്ളതാണ് പുതിയ തടയണ.