aaaaaതൃശൂർ സബ്ജില്ലാ ശാസ്‌ത്രോത്സവം കണ്ടശ്ശാംകടവിൽ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞാണി: ശാസ്ത്ര അവബോധത്തിന്റെ മിഷനാണ് കേരളത്തിൽ ഉണ്ടാകേണ്ടതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. തൃശൂർ വെസ്റ്റ് ഉപജില്ലാ ശാസ്‌ത്രോത്സവം കണ്ടശ്ശാംകടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ശാസ്ത്രബോധം ആരംഭിക്കേണ്ടത് വിദ്യാലയങ്ങളിൽ നിന്നാണ്. കുട്ടികളുടെ ചിന്തയിലേക്ക് അബദ്ധധാരണകൾ കടത്തുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.


തെറ്റായ സൈബർ ഇടങ്ങളെ തേടിപ്പോകാതെ ശാസ്ത്രസത്യങ്ങളിൽ കൂടി കടന്നുപോകാൻ പഠിക്കുകയാണ് വേണ്ടത്. ശാസ്ത്രത്തിൽ അടിയുറച്ച് മുന്നോട്ട് പോകുന്ന തലമുറയെ വാർത്തെടുക്കാനാകണം. ജീവിതത്തിൽ എ പ്ലസ് നേടുന്ന കുട്ടികളുടെ അടിത്തറ ശാസ്ത്രബോധമായിരിക്കണമെന്നും മന്ത്രി പറഞ്ഞു.


മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം വി.എൻ. സുർജിത്ത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ കമ്മിറ്റി ചെയർമാൻ സി.ആർ. രമേശ്, തൃശ്ശൂർ വെസ്റ്റ് ഉപജില്ല എ.ഇ.ഒ പി.ജെ. ബിജു, സി. ഐറിൻ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.


കണ്ടശ്ശാംകടവിലെ നാല് വിദ്യാലയങ്ങളിലായാണ് ശാസ്ത്രമേള നടക്കുന്നത്. നൂറ്റിയിരുപതോളം വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളകളിൽ പങ്കെടുക്കുന്നത്. കണ്ടാശ്ശാംകടവ് എസ്.എച്ച് ഓഫ് മേരീസ് സി.ജി.എച്ച്.എസിന് സ്‌കൂൾ ബസ് നൽകുന്നതിന് എം.പി ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചതായി ടി.എൻ. പ്രാതാപൻ എം.പി അറിയിച്ചു.