ചാലക്കുടി: മുരിങ്ങൂർ- ഏഴാറ്റുമുഖം റോഡിന്റെ നിർമ്മാണ പ്രവർത്തനം നിലച്ചത് കരാർ കമ്പനി പിൻവാങ്ങിയതോടെയാണെന്ന വിവരം പുറത്തുവന്നു. കഴിഞ്ഞ മൂന്നു മാസമായി പ്രവർത്തനങ്ങൾ സ്തംഭിച്ചത് സ്ഥലമെടുപ്പിന് വന്ന കാലതാമസം മൂലമാണെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ അഞ്ച് വർഷം മുൻപ് ഏറ്റെടുത്ത കരാർ പൂർത്തിയാക്കിയാൽ കമ്പനിക്ക് കോടികളുടെ നഷ്ടമുണ്ടാകുമെന്ന ഭീതിയെ തുടർന്ന് കരാറുകാരൻ പിൻവാങ്ങിയെന്നാണ് ലഭ്യമാകുന്ന വിവരം. കിഫ്ബി മാനദണ്ഡ പ്രകാരം റോഡിന് പത്ത് മീറ്റർ വീതി വേണമെന്ന നിബന്ധന പാലിക്കപ്പെടാത്ത സാഹചര്യമുണ്ടായി. തുടർന്നാണ് പലവട്ടം നിർമ്മാണം സ്തംഭിച്ചത്. ഇതിനിടെ പലയിടത്തും നിബന്ധനയിൽ പറയുന്ന വീതി ഒരുക്കി കൊടുത്തിട്ടുണ്ടെന്ന് കിഫ്ബി ഉദ്യോഗസ്ഥർ പറയുന്നു. പക്ഷെ കരാർ കമ്പനിയെ ഇതു ബോദ്ധ്യപ്പെടുത്തി സമ്മർദ്ദം ചെലുത്താൻ ജനപ്രതിനിധികൾക്ക് കഴിയാത്തതും സ്തംഭനാവസ്ഥയ്ക്ക് കാരണമായി. മുരിങ്ങൂർ മുതൽ കല്ലുത്തി വരെ ടാറിംഗ് നടന്നു കഴിഞ്ഞു. ഇവിടെ അനുബന്ധ പ്രവർത്തനങ്ങൾക്കായി സ്ഥലമെടുപ്പും നടത്തി. തുടർന്നുള്ള മൂന്നു കിലോമീറ്റർ ഒന്നാംഘട്ട ടാറിംഗ് നടന്നെങ്കിലും കാന നിർമ്മാണത്തിനും മറ്റുമുള്ള സ്ഥലം കണ്ടെത്താനായില്ല. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതെല്ലാം രമ്യതയിലാക്കാൻ ഒരു ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടൽ ഇല്ലെന്നതാണ് യാഥാർത്ഥ്യം. കരാർ കമ്പനി മാറിയാൽപ്പിന്നെ പുതുക്കിയ എസ്റ്റിമേറ്റിനും മറ്റുമായി വർഷങ്ങൾ കാത്തിരിക്കേണ്ട ഗതികേടിലാകും മേലൂർ പഞ്ചായത്തിലെ ജനങ്ങൾ.

മുരിങ്ങൂർ- ഏഴാറ്റുമുഖം റോഡ്