ചാലക്കുടി: നഗരസഭാ ആരോഗ്യ വിഭാഗത്തിൽ അഴിമതി നടന്നൂവെന്ന് ചെയർമാൻ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചിട്ടും അതിനെതിരെ പ്രതികരിക്കാത്ത പ്രതിപക്ഷത്തിന്റെ നടപടി ചർച്ചാവിഷയമാകുന്നു. പേരിനൊരു വാർത്താസമ്മേളനം നടത്തിയെന്നതല്ലാതെ കൂടുതൽ സമരപരിപാടികളോ പ്രതികരണങ്ങളോ നടത്താതെ മൗനമവലംബിക്കുന്ന പ്രതിപക്ഷ നടപടിയാണ് അമ്പരമ്പ് ഉണ്ടാക്കുന്നത്. സി.പി.എം, സി.പി.ഐ പാർട്ടികളുടെ നിസംഗതയാണ് ജനങ്ങൾ സംശയത്തോടെ നോക്കുന്നത്. നഗരസഭാ കൗൺസിലിൽ ദുർബലമാണെങ്കിലും ചാലക്കുടിയിലെ പ്രബല കക്ഷിയായ സി.പി.എം ഇതു സംബന്ധിച്ച് ഒരു പ്രതിഷേധക്കുറിപ്പ് പോലും ഇറക്കിയിട്ടില്ല. സി.പി.ഐയുടെ സ്ഥിതിയും മറിച്ചല്ല. കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് സി.പി.ഐ സംഘടിപ്പിച്ച പ്രക്ഷോഭങ്ങൾക്ക് കൈയ്യും കണക്കുമില്ലായിരുന്നു. ഇതിൽ ഭൂരിപക്ഷവും സ്വന്തം മുന്നണിക്കെതിരെയുള്ളത് ആയിരുന്നുവെന്ന കൗതുകം കൂടിയുണ്ടായിരുന്നു. എന്നാൽ യു.ഡി.എഫ് ഭരണ സമിതിക്കെതിരെ ഗുരുതരമായ അഴിമതി ആരോപണം ഉയർന്നിട്ടും ഇവരും മൗനത്തിലായതും ശ്രദ്ധേയം. പ്രതിപക്ഷ നേതാവടക്കം രണ്ടു കൗൺസിലർമാർ ചെയർമാന് പിന്നാലെ വാർത്താ സമ്മേളനത്തിൽ പ്രതിഷേധം അറിയിച്ചതോടെ എൽ.ഡി.എഫിന്റെ മറ്റൊരു നീക്കവും ഉണ്ടായില്ല. കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ജനശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു സ്ഥാനാർത്ഥിപട്ടിക പോലും തയ്യാറാക്കാൻ സി.പി.എമ്മിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ദയനീയ പരാജയവും ഏറ്റുവാങ്ങി. രണ്ടു വർഷം പിന്നിടുമ്പോഴും അന്നത്തെ അവസ്ഥയ്ക്ക് തെല്ലും മാറ്റമുണ്ടായില്ലെന്ന്്് മുന്നണിയുടെ തണുപ്പൻ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നത്.