അന്നമനട പഞ്ചായത്തിൽ കാർഷിക ഡ്രോണുകളുടെ പ്രദർശനവും പ്രവൃത്തിപരിചയവും നടത്തി
മാള: അന്നമനട പഞ്ചായത്തിലെ ആലത്തൂർ പാടശേഖരത്തിൽ ഡ്രോണുകളുടെ പ്രദർശനവും പ്രവൃത്തിപരിചയവും നടന്നു.
കൃഷി എക്‌സിക്യൂട്ടീവ് എൻജിനിയർ കെ.പി. പ്രീതി പദ്ധതി വിശദീകരണം നടത്തി. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, എ.ഡി.എ സോണിയ, ഡെപ്യൂട്ടി ഡയറക്ടർ മേരി ഡാനിയൽ, ഡോ. കെ.പി. സുധീർ, ഡോ. എ. ലത, ദീപ ജയൻ എന്നിവർ പങ്കെടുത്തു.
കാർഷിക ഡ്രോൺ സാങ്കേതിക വിദ്യ
കാർഷിക സാങ്കേതിക വിദ്യകളുടെ അതിനൂതനമായ മാർഗങ്ങളിൽ ഒന്നാണ് ഡ്രോൺ സാങ്കേതികവിദ്യ. കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം, ഏരിയൽ സർവേ എന്നിവയിൽ ഡ്രോണുകളുടെ സാദ്ധ്യതകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് കർഷകർക്കായി ഡ്രോൺ പ്രദർശനവും ഉപയോഗവും പരിചയപ്പെടുത്തുന്നത്. കുറഞ്ഞ അളവിൽ കൂടുതൽ കൃഷിയിടങ്ങളിലേക്ക് ചുരുങ്ങിയ സമയത്തിൽ വിളസംരക്ഷണ ഉപാധികൾ പ്രയോഗിക്കുന്നതിന് ഡ്രോണുകൾ വഴി സാദ്ധ്യമാണ്. കൃഷിയിടത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ ഡ്രോൺ ഉപയോഗിച്ച് കളനാശിനിയും വളവും ഉൾപ്പെടെയുള്ളവ സ്‌പ്രേ ചെയ്യിക്കാനാവും. ഇതിനുപുറമേ തൊഴിലാളികളുടെ ലഭ്യതക്കുറവിനും പരിഹാരമാണ്. തൊഴിൽ സമയം കുറയ്ക്കുന്നതിന് പുറമെ കൂലിയിനത്തിലും ചെലവ് കുറയ്ക്കാമെന്നതും ഡ്രോൺ ഉപയോഗത്തിന്റെ നേട്ടമാണ്. ഇതോടൊപ്പം കൃഷിയിടത്തിലാകെ നിരീക്ഷണവും നടത്താം. പരമ്പരാഗത കൃഷിരീതികളിൽ നിന്നും മാറി കാർഷികരംഗം സ്മാർട്ടാക്കി മെച്ചപ്പെട്ട വിളവും അധിക വരുമാനവും ലഭ്യമാക്കാൻ ഡ്രോണുകൾ വഴി സാദ്ധ്യമാകുമെന്ന് കൃഷി വകുപ്പ് അധികൃതരും പറയുന്നു.