kudumba

തൃശൂർ: ദേശീയ ഗ്രാമീണ വികാസ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഹരിയാനയിലെ ഗുരു ഗ്രാമിൽ നടക്കുന്ന ആജീവിക സരസ് മേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഇന്ത്യൻ വുമൺസ് ഫുഡ് കോർട്ടിൽ താരമായി തൃശൂർ കോർപറേഷന്റെ കല്യാണി ഗ്രൂപ്പ്.

20ൽ പരം ദോശ വിഭവങ്ങളുമായാണ് കല്യാണി കഫേ ഭക്ഷണ പ്രേമികളുടെ മനസിൽ ഇടം നേടിയത്. ബീറ്റ്‌റൂട്ട് ദോശ, എഗ് ദോശ, കാശ്മീരി ദോശ, ചൈനീസ് ദോശ തുടങ്ങി 20 ഓളം വ്യത്യസ്ത ദോശ വിഭവങ്ങളാണ് കല്യാണി ടീം ഒരുക്കിയത്.

തൃശൂർ കോർപറേഷൻ 42-ാം ഡിവിഷനിൽ നിന്നുള്ള ദിവ്യ ഷാജി, സിജി സന്തോഷ്, ബിന്ദു ജനാർദ്ദനൻ എന്നിവരാണ് കല്യാണി ഗ്രൂപ്പിന് ഹരിയാനയിൽ നേതൃത്വം നൽകുന്നത്. കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷനുകളുടെ നേതൃത്വത്തിലാണ് മേളയിലേക്കായി യൂണിറ്റിനെ തിരഞ്ഞെടുത്തത്.

ദേശീയ ഭക്ഷ്യ മേളയിൽ ഇവർക്ക് വേണ്ട സാങ്കേതിക പിന്തുണ നൽകുന്നത് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുടുംബശ്രീ പരിശീലന സ്ഥാപനമായ ഐഫ്രമാണ്. ഒക്ടോബർ ഏഴിന് ആരംഭിച്ച മേള 23 നാണ് അവസാനിക്കുന്നത്.

കുടുംബശ്രീയുടെ കീഴിലുള്ള നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷനാണ് ഇന്ത്യ ഫുഡ് കോർട്ടിന് നേതൃത്വം നൽകുന്നത്. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ നിന്നായി 29 ഭക്ഷണ സ്റ്റാളിലായി 250 വനിതകളാണ് ഭക്ഷ്യ മേളയിൽ പങ്കെടുക്കുന്നത്.