ചാലക്കുടി: പൂലാനി കുന്നപ്പിള്ളിയിൽ ജനങ്ങൾ പൊടിയുടെ പിടിയിൽ. ശ്വസിക്കുന്നതും വിഴുങ്ങുന്നതുമൊക്കെ പൊടിതന്നെ. പാറമടയുടെ അവശിഷ്ടങ്ങളും സിമന്റ് മിശ്രിതവും അടങ്ങുന്ന മാരകമായ പൊടിയാണ് നൂറുകണക്കിന് ആളുകളുടെ ആന്തരാവയവങ്ങളിൽ എത്തുന്നത്. മുരിങ്ങൂർ- ഏഴാറ്റുമുഖം റോഡിന്റെ നിർമ്മാണം സ്തംഭിച്ചതിനെ തുടർന്നാണ് നാട്ടുകാർക്കീ ദുരിതം. പ്രാഥമിക പ്രവർത്തനമെന്ന നിലയിൽ നിരത്തിയ മിക്‌സ്ച്ചറിൽ നിന്നുമാണ് ഈ പൊടി. രണ്ടര കിലോമീറ്റർ ദൂരത്തിലുള്ളവർക്കാണ് ദുരിതമേറെ. വീടുകളുടെ വാതിലും ജനലുകളും അടച്ചിട്ടിട്ടും പ്രയോജനമില്ല. പരിസരത്തെ വീടുകളുടേയെല്ലാം നിറം മാറി. മരങ്ങൾക്കും സസ്യങ്ങൾക്കും നിറമാറ്റം.
നിരന്തരം പൊടി ശ്വസിച്ച നിരവധിപേർ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നു. നേരത്തെ ശ്വാസ തടസമുള്ള കുന്നപ്പിള്ളിയിലെ സുരേന്ദ്രൻ അനുഭവിക്കുന്നത് കടുത്ത പരവശം. ഡ്രൈവറായ ഇയാൾക്ക് ഇപ്പോൾ ചുമ വിട്ടുമാറാതെയായി. മകളുടെ പഠനാർത്ഥം കൊടുങ്ങല്ലൂരിൽ നിന്നുമെത്തി കുന്നപ്പിള്ളിയിൽ താമസമാക്കിയതാണ് ആസ്ത്മ രോഗിയായ വീട്ടമ്മ നജിന. എത്രയുംവേഗം ഇവിടെ നിന്നും രക്ഷപ്പെടണമെന്നാണ് ഇവർ പറയുന്നത്. റോഡരികത്തെ വീടായതിനാൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഇവരുടെ വീട്ടിലേക്ക് വൻതോതിലാണ് പൊടിയെത്തുന്നത്. പത്തൊമ്പതുകാരൻ പരിസരത്ത കണക്കശേരി അമൃതേഷ് പൊടി ശ്വസിച്ച് ഇന്ന് അലർജിയുടെ പിടിയിലാണ്. വീട് മാറിയത് അനുഗ്രഹമായെന്ന് അയാൾ പറയുന്നു.
ഉദ്യോഗസ്ഥരുടെ അലംഭാവമോ കരാറുകാരന്റെ തന്ത്രമോ എന്തുതന്നെയായാലും റോഡ് നിർമ്മാണം മുടങ്ങിയതിന്റെ ദുരിതം പേറുന്നത് നാട്ടുകാരാണ്.
പൊടിയെ നേരിടാൻ പഞ്ചായത്തംഗത്തിന്റെ പൊടിക്കെ
പൊടിയെ ശമിപ്പിക്കുന്നതിന് പഞ്ചായത്തംഗം ബിബിൻരാജ് നടത്തുന്ന പൊടിക്കൈ പ്രയോഗത്തിന് താത്കാലിക ആശ്വാസം മാത്രം. ദിവസം മൂന്നു നേരം വാഹനത്തിൽ കൊണ്ടുവന്ന് വെള്ളം തെളിക്കുന്നുണ്ട്. ഇതൊന്നും പൊടിയെ തടയാനാകുന്നില്ല.
പിടിപെടുന്നത് മാരക രോഗം
സിമന്റും പാറപ്പൊടിയും കലർന്ന മിശ്രിതം ശ്വസിച്ചാൽ പിടിപെടുന്നത് സി.ഒ.പി.ഡി എന്ന മാരക രോഗം. ഇതു ബാധിച്ചാൽ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുന്നത് വിരളം. ശ്വാസനാളം ചുങ്ങലും വായു അറകളുടെ നാശവും സംഭവിക്കുന്നു. മറ്റു രോഗമുള്ളവർക്കാണ് ഏറെ അപകടം.
പ്രതിവിധി
ശ്വാസ കോശത്തിലേക്ക് പൊടിയെത്താരിക്കാൻ ഏക മാർഗം മാസ്‌ക് ധരിക്കൽ. ഇരട്ട മാസ്‌കായാൽ അത്രയും നല്ലത്. വായും മുഖവും പലവട്ടം കഴുകുക.