ചേലക്കര: ഓരോ മേഖലയുടെയും സാദ്ധ്യതകൾ മനസ്സിലാക്കി വേണം പുതിയ സംരംഭങ്ങൾ ആരംഭിക്കാനെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. വ്യവസായ വകുപ്പ് മറ്റു വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ചേലക്കര നിയോജക മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തിലും ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിനു വേണ്ടി ഓരോ പഞ്ചായത്തിലും ഒരു ഇന്റേൺസിനെ നിയമിച്ചിട്ടുണ്ട്. ഇന്റേൺസിന് ഇത്തരം പ്രവർത്തനങ്ങൾ പഞ്ചായത്ത് തലത്തിൽ ഏകോപിപ്പിച്ച് കൊണ്ടുപോകാൻ കഴിയണമെന്നും ചേലക്കര നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള അവലോകന യോഗം ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു. ചേലക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് അദ്ധ്യക്ഷനായിരുന്നു. ഡോ.കെ.എസ്. കൃപകുമാർ, കെ.വി. നഫീസ, ഷെയ്ക് അബ്ദുൾഖാദർ, വി.തങ്കമ്മ, കെ. പത്മജ എന്നിവർ സംസാരിച്ചു.