ചാലക്കുടി: നഗരസഭയിലെ അഴിമതിക്കഥകളുടെ വെളിപ്പെടുത്തലും തുടർന്നുണ്ടായ സംഭവ പരമ്പരകളും മറ്റൊരു തലത്തിലേയ്ക്ക്. നഗരസഭ ചെയർമാനും മുൻ ചെയർമാനും തമ്മിൽ നിലനിൽക്കുന്ന കിടമത്സരത്തിന് ഇതോടെ ആക്കം കൂടിയെന്നാണ് അണിയറ വിവരം. ചെയർമാൻ എബി ജോർജ് അനിതരസാധാരണായി പത്രസമ്മേളനം വിളിച്ച് ആരോഗ്യ വകുപ്പിൽ വ്യാപക അഴിമതി നടന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നിൽ വിവിധ ലക്ഷ്യങ്ങളുണ്ടെന്നാണ് വിവരം. ഇത്രയും ഗൗരവവേറിയ പ്രശ്‌നം കണ്ടെത്തുന്നതിനോ അവയെ തടയിടുന്നതിനോ മുൻ ചെയർമാന് സാധിച്ചില്ലെന്ന് വരുത്തി തീർക്കാൻ പുതിയ ചെയർമാന് കഴിഞ്ഞു. വർഷങ്ങളായി നടന്നുവരുന്ന ഗുരുതരമായ അഴിമതി തടയുന്നതിനുള്ള ശ്രമങ്ങൾക്ക്് മുൻ ചെയർമാന്റെ കൂടി സമ്മതവും നേടാനായി. വാർത്താസമ്മേളനം വിളിക്കുന്നതിന് ആരു തടസം നിന്നാലും അവർ പ്രതിക്കൂട്ടിലാകുമെന്ന പ്രതീതി സൃഷ്ടിച്ചതും ചെയർമാന്റെ വിജയമായി. ഇതോടൊപ്പം സ്ഥിരംസമിതികളിലെ അദ്ധ്യക്ഷന്മാരെ വരുതിയിലാക്കാനും സാധിച്ചു. ഭരണപക്ഷത്തെ പൈലപ്പൻ ഗ്രൂപ്പിന്റെ ശക്തി ക്ഷയിപ്പിക്കലും മറ്റൊരു ലക്ഷ്യമായി പറയുന്നു. ഇനി വരുന്ന വൈസ് ചെയർമാൻ, സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനങ്ങളിൽ തന്റെയൊപ്പമുള്ളവരെ അവരോധിക്കലും പുതിയ ചെയർമാൻ ഇതിലൂടെ ഉന്നമിടുന്നു. എന്തായാലും ചെയർമാന്റെ വെളിപ്പെടുത്തൽ സൃഷ്ടിച്ച അങ്കലാപ്പിൽ ഭരണസമിതി നിശ്ചലമായി. അഴിമതി വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലും നിസംഗ ഭാവം പിന്തുടരുന്നെന്ന ആരോപണം മറികടക്കാനായി പ്രശ്‌നം ഏറ്റെടുക്കാൻ എൽ.ഡി.എഫ് കോപ്പുകൂട്ടുന്നുണ്ടെന്നാണ് വിവരം.