cyber

തൃശൂർ : ബോധവത്കരണവും മുന്നറിയിപ്പും നൽകിയിട്ടും സൈബർ തട്ടിപ്പുകളിൽ വഞ്ചിതരാകുന്നവരുടെ എണ്ണം പെരുകുമ്പോൾ നെട്ടോട്ടമോടുകയാണ് സൈബർ പൊലീസ്. ഓരോ ദിവസം ചെല്ലുന്തോറും പരാതികളുടെ എണ്ണം വർദ്ധിക്കുകയാണ്. തൃശൂർ സൈബർ സ്റ്റേഷനിൽ മാത്രം ദിനംപ്രതി ഇരുപതിനും മുപ്പതിനും ഇടയിൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. ഇതിൽ എഴുപത് ശതമാനം പരാതികളും ഓൺലൈനിലൂടെ കബളിപ്പിക്കപ്പെട്ട് പണം നഷ്ടപ്പെട്ടവരുടെ കഥകളാണ്. നൂറ് രൂപ മുതൽ ലക്ഷങ്ങൾ വരെ നഷ്ടപ്പെട്ടവരാണ് പലരും. ചെറിയ തുകകൾ നഷ്ടപ്പെട്ടവർ പരാതികളുമായി വരുന്നില്ല. ലക്ഷങ്ങൾ നഷ്ടപ്പെട്ടവരാണ് പരാതികളുമായി സമീപിക്കുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘം കൂടുതലും പ്രവർത്തിക്കുന്നത്. ഡൽഹി, ഉത്തർ പ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ വൻ മാഫിയയാണ് പിന്നിലെന്ന് അന്വേഷണ സംഘം പറയുന്നു. ഇത്തരം സംസ്ഥാനങ്ങളിൽ ഓരോ മുറികളെടുത്ത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഫോൺ നമ്പറുകളിലേക്ക് വിളിക്കുകയും സന്ദേശങ്ങളയച്ച് തട്ടിപ്പ് നടത്തുകയുമാണ് ചെയ്യുക. ഇവരെ അറസ്റ്റ് ചെയ്യാവുന്ന യാതൊരു തെളിവും കണ്ടെടുക്കാനാകാത്ത സ്ഥിതിയാണെന്ന് സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിറങ്ങിയ സംഘങ്ങൾ പറയുന്നു.

ലോൺ ആപ് കെണി

അടുത്തിടെ എറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് ലോൺ ആപിലൂടെയാണ്. വിവിധ നമ്പറുകളിൽ നിന്ന് പത്ത് മിനിറ്റിനുള്ളിൽ ലോൺ ലഭിക്കുമെന്ന സന്ദേശവും ആപും അയച്ച് കൊടുത്താണ് നിരവധി പേരെ കുടുക്കുന്നത്. ലോൺ ആപിൽപ്പെട്ട പെൺകുട്ടിയുടെ കഴിഞ്ഞദിവസം ലഭിച്ച പരാതി ഞെട്ടിക്കുന്നതായിരുന്നു. അയ്യായിരം രൂപ ആവശ്യമുണ്ടായിരുന്ന സമയത്താണ് ലോൺ ആപ് ശ്രദ്ധയിൽപെട്ടതെന്ന് പരാതിയിൽ പറയുന്നു. ഉടനെ ആപ് ഇൻസ്റ്റാൾ ചെയ്യുകയും അവർ ആവശ്യപ്പെട്ട രേഖകൾ നൽകുകയും ചെയ്തു.7000 രൂപയാണ് വായ്പയായി ചോദിച്ചത്. നിമിഷങ്ങൾക്കകം അക്കൗണ്ടിലേക്ക് 3000 രൂപ വന്നു. ബാക്കി തുക ഉടൻ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല. എന്നാൽ ഈ തുക വേണ്ടെന്ന് പറഞ്ഞ് സന്ദേശമയച്ചതോടെ ഭീഷണിപ്പെടുത്തിയുള്ള സന്ദേശങ്ങളാണ് ലഭിച്ചത്. എന്നാൽ 7000 രൂപ തിരിച്ചടക്കണമെന്നായിരുന്നു സന്ദേശം. ഉടനെ 7000 രൂപ തിരിച്ചടച്ച് തടിയൂരിയെങ്കിലും തുടർന്ന് വിവിധ ഫോണുകളിൽ നിന്ന് 7000 രൂപ അടച്ചില്ലെങ്കിൽ പെൺകുട്ടിയുടെ നമ്പറുകളിലേക്ക് മോർഫ് ചെയ്ത ചിത്രം അയക്കുമെന്ന ഭീഷണിയും വന്നു. ഇതേ തുടർന്നാണ് സൈബർ സെല്ലിനെ സമീപിച്ചത്.

ആർ.ബി.ഐയുടെ അംഗീകാരമുള്ള ബാങ്കുകളുടെ ആപുകൾ മാത്രം ഉപയോഗിക്കുക, വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ ഫോണിലെ വിവരങ്ങൾ തട്ടിപ്പ് സംഘത്തിന് ലഭിക്കും.

സൈബർ സെൽ


( നാളെ : 5000 രൂപ കൊടുത്താൽ കിട്ടും ബാങ്ക് അക്കൗണ്ടുകൾ )