
ഗുരുവായൂർ : ഗ്യാസ് സിലിണ്ടർ തിരിമറി നടന്നിട്ടും ഭരണ സമിതി അംഗങ്ങളെ പോലും അറിയിക്കാതെ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിലെ പ്രസിഡന്റ് സംഭവം മൂടിവച്ചതിനെതിരെ അംഗങ്ങൾക്കിടയിൽ പ്രതിഷേധം. ഗ്യാസ് സിലിണ്ടർ തിരിമറി കേരള കൗമുദി പുറത്തു കൊണ്ടുവന്നതിനെ തുടർന്ന് വിളിച്ചുചേർത്ത അടിയന്തര ഭരണ സമിതി യോഗത്തിലാണ് അംഗങ്ങൾ നേരിട്ട് പ്രതിഷേധമറിയിച്ചത്. സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ താത്കാലിക ജീവനക്കാരനെ പിരിച്ചു വിടാൻ യോഗം തീരുമാനിച്ചു. തീരുമാനം കൈയോടെ മിനിറ്റ്‌സിൽ രേഖപ്പെടുത്തിയ ശേഷമാണ് യോഗം പിരിഞ്ഞത്. ക്രമക്കേട് നടന്നിട്ടില്ലെന്ന് കാട്ടി പത്രക്കുറിപ്പ് ഇറക്കുവാനും പ്രസിഡന്റിനെ ചുമതലപ്പെടുത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർക്കും അസി. രജിസ്ട്രാർക്കും ദേവസ്വം എംപ്ലോയിസ് യൂണിയൻ ( കോൺഗ്രസ്) പരാതി നൽകിയിരുന്നു. ഇതിനിടെ ക്രമക്കേട് നടത്തിയ സി.പി.എം നേതാവിനെതിരെ കൂടുതൽ ആരോപണം പുറത്തുവരുന്നുണ്ട്. ഗ്യാസ് അത്യാവശ്യമായി ആവശ്യപ്പെട്ട് വിളിക്കുന്നവരോട് കാലി സിലിണ്ടറുമായി ഗോഡൗണിലേയ്ക്ക് എത്താനാണത്രെ ഇയാൾ നിർദേശിക്കാറ്. ഇത്തരത്തിൽ എത്തുന്നവരിൽ നിന്നും ഇയാൾ കൂടുതൽ തുക ഈടാക്കുമെന്നും പറയുന്നു. ക്രമക്കേട് കണ്ടെത്തിയിട്ടും ഇയാളെ ലോക്കൽ കമ്മിറ്റിയിൽ നിന്നും മാറ്റി നിർത്താൻ സി.പി.എം തയ്യാറായിട്ടില്ലെന്നും വിമർശനമുണ്ട്. സംഘത്തിലെ താത്കാലിക ജീവനക്കാരനായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം സിലിണ്ടർ മറിച്ച് നൽകിയ ശേഷം കാലി സിലിണ്ടറുകൾ ചോർച്ചയുള്ളതായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. 500 ഓളം സിലിണ്ടറുകൾ ഇയാൾ മാറ്റിയിരുന്നു.