കല്ലൂർ: ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി തൃക്കൂർ പഞ്ചായത്തിൽ ആരംഭിച്ചത് 62 പുതിയ യൂണിറ്റുകൾ. ഉത്പാദനം, സേവനം, വ്യാപാരം എന്നീ മൂന്ന് മേഖലകളിലായി ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, ഇ സേവന കേന്ദ്രങ്ങൾ, കാറ്ററിംഗ് സർവീസ്, മസാലപ്പൊടി നിർമ്മാണം, ടൈലറിംഗ് യൂണിറ്റുകൾ എന്നിവയാണ് പ്രവർത്തനം തുടങ്ങിയത്. ഇതുവഴി 124 പേർക്കാണ് തൊഴിൽ ലഭിച്ചത്. പദ്ധതി നടത്തിപ്പിനായി പഞ്ചായത്തുതലത്തിൽ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംരംഭം തുടങ്ങുന്നവരുടെ സംശയ നിവാരണത്തിനായി പഞ്ചായത്ത് തലത്തിൽ ഇന്റേണുകളെ നിയോഗിച്ചിട്ടുണ്ട്. ഇന്റേൺസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹെൽപ് ഡെസ്‌ക് ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ പ്രവർത്തിക്കും. ഇതിനുപുറമെ സംരംഭകർക്കായി ബോധവത്കരണ പരിപാടികൾ, ലോൺ, ലൈസൻസ്, സബ്‌സിഡി മേളകൾ എന്നിവയും സംഘടിപ്പിച്ച് വരുന്നു.