മറ്റത്തൂർ: മറ്റത്തൂർ പഞ്ചായത്തിലെ ആദിവാസികൾക്കായുള്ള ക്ഷേമ പദ്ധതികളുമായി ഐ.സി.എ.ആർ സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോജി (സിഫ്ട്) രംഗത്ത്. മറ്റത്തൂർ പഞ്ചായത്തിലെ ശാസ്താംപൂവ്വം കാരിക്കടവ് പ്രദേശത്തെ ഏകദേശം അറുപതോളം ആദിവാസി കുടുംബങ്ങളെ കേന്ദ്രികരിച്ചുള്ള മത്സ്യാധിഷ്ഠിതമായ സംരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഫ്ട് ലക്ഷ്യമിടുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള ട്രൈബൽ സബ് പ്ലാൻ പദ്ധതി പ്രകാരമാണ് സിഫ്ട് ഈ വികസനപ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ആദിവാസി വിഭാഗത്തിനായി സ്ഥിരവരുമാനം സാദ്ധ്യമാക്കുന്നതിനായുള്ള സാദ്ധ്യതകൾ പരിശോധിക്കുവാനായുള്ള മറ്റത്തൂർ പഞ്ചായത്തിന്റെ ക്ഷണമനുസരിച്ച് സിഫ്ട് സംഘം മേഖലയിൽ സന്ദർശനത്തിനെത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.ബി. അശ്വതി, മറ്റു പഞ്ചായത്ത് അംഗങ്ങൾ എന്നിവരുമായി ചർച്ച നടത്തി. സിഫ്ട് എക്സ്റ്റൻഷൻ വിഭാഗാദ്ധ്യക്ഷൻ ഡോ. എ.കെ. മൊഹന്തി, സിഫ്ട് ഫിഷിംഗ് ടെക്‌നോളജി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വി.ആർ. മധു, സിഫ്ട് ഫിഷ് പ്രോസസിംഗ് സീനിയർ സയന്റിസ്റ്റ് ഡോ. പി.കെ. ബിൻസി, സിഫ്ട് പി.ആർ.ഒ: രാകേഷ് എം. രാഘവൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് വി.ബി. അശ്വതി പഞ്ചായത്തിലെ ആദിവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായുള്ള പഞ്ചായത്തിന്റെ പദ്ധതികളെപ്പറ്റി ചടങ്ങിൽ വിശദീകരിച്ചു. തുടർന്ന് സംസാരിച്ച സിഫ്ട് പ്രതിനിധികൾ പദ്ധതികൾ നടപ്പാക്കാനനുപേക്ഷണീയമായ ക്രിയാത്മക സഹകരണം വാഗ്ദാനം ചെയ്തു. പഞ്ചായത്തിലെ സ്ഥിരംസമിതി അദ്ധ്യക്ഷരായ വി.എസ്. നിജിൽ, സനല ഉണ്ണിക്കൃഷ്ണൻ, ദിവ്യ സുധീഷ്, പഞ്ചായത്ത് അംഗം എൻ.പി. അഭിലാഷ്, പ്രസീത എന്നിവരും വനസംരക്ഷണ സമിതി അംഗങ്ങളും പങ്കെടുത്തു. തുടർന്ന് സിഫ്ട് സംഘം പഞ്ചായത്ത് പ്രതിനിധികളോടൊപ്പം ശാസ്താംപൂവ്വം പദ്ധതി പ്രദേശവും സന്ദർശിച്ചു.