 
അകംപാടം പാടശേഖരങ്ങളിൽ മരുന്ന് തളിക്കാൻ ഡ്രോൺ തയ്യാറായപ്പോൾ.
വടക്കാഞ്ചേരി: കർഷകർക്ക് വിസ്മയവും വിജ്ഞാനവും സമ്മാനിച്ച് വടക്കാഞ്ചേരി അകംപാടം പാടശേഖരത്തിൽ ഡ്രോൺ പറന്നു. പാടശേഖരത്തിലെ അഞ്ച് ഹെക്ടറോളം വരുന്ന കൃഷിഭൂമിയിൽ ജൈവ കീടനാശിനിയായ സ്യൂടോമോണസ് ഫ്‌ലൂറസൻസ് ഡ്രോൺ ഉപയോഗിച്ച് സ്‌പ്രേ ചെയ്തു. കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയുടെ ഭാഗമായാണ് ഡ്രോണുകളുടെ പ്രദർശനവും പ്രവൃത്തിപരിചയവും നടത്തിയത്.
വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കർഷകരുടെയും പാടശേഖര സമിതികളുടെയും സഹകരണത്തോടെ എല്ലാ പാടശേഖരങ്ങളിലും ഡ്രോണുകൾ ഉപയോഗപ്പെടുത്തുന്നതിന് ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാർഷിക യന്ത്രവത്കരണ ഉപപദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ വില വരുന്ന ഡ്രോണുകൾ വ്യക്തിഗത കർഷകർക്ക് നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ സബ്‌സിഡിയിൽ ലഭ്യമാകും. കേന്ദ്ര കൃഷി മന്ത്രാലയവും കേരള കാർഷിക വികസന കർഷക ക്ഷേമവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭാ വൈസ് ചെയർമാൻ ഷീല മോഹൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാക്ഷൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ (കൃഷി) പി.വി. സൂരജ് കണ്ണൻ, കർഷകർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മരുന്ന് തളിക്കാൻ ഡ്രോണുകൾ ഫലപ്രദം
വളപ്രയോഗം, കീടനിയന്ത്രണം, ഏരിയൽ സർവേ തുടങ്ങിയ മേഖലകളിലെല്ലാം ഡ്രോണുകൾ ഫലപ്രദമായി ഉപയോഗിക്കാം. ഒരു ഹെക്ടറിൽ മരുന്ന് തളിക്കാൻ 20 മിനുറ്റ് മതി.
തുടക്കത്തിൽ കീട നിയന്ത്രണത്തിനായാണ് ഡ്രോണുകൾ ഉപയോഗിച്ച് മരുന്ന് തളിക്കുന്നത്. 10 ലിറ്റർ ശേഷിയുള്ള ടാങ്ക് ആണ് ഡ്രോണിൽ ഉള്ളത്. ഡ്രോൺ ഉപയോഗിച്ച് ഒരു ഏക്കർ കൃഷിയിടത്തിൽ 8 മിനുട്ട് കൊണ്ട് മരുന്ന് തളിക്കാം.
-പി.വി. സൂരജ് കണ്ണൻ
(അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ)