കൊടുങ്ങല്ലൂർ: ആത്മഹത്യ ചെയ്ത കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം.ജി. നാരായണന്റെ മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കൊടുങ്ങല്ലൂരിൽ ചേർന്ന കൊച്ചിൻ ദേവസ്വം കാർമിക് സംഘം (ബി.എം.എസ്) പ്രവർത്തകയോഗം ആവശ്യപ്പെട്ടു. കേരളവർമ, വിവേകാനന്ദ കോളേജുകളിലെ നിയമനവുമായി ബന്ധപ്പെട്ട് മെമ്പർ വഴി പാർട്ടി ഫണ്ടിലേക്ക് വാങ്ങിയ സംഭാവന തിരിച്ച് നൽകാത്ത വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന വീട്ടുകാരുടെ ആരോപണം സംബന്ധിച്ചും അന്വേഷണം വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിലെ അനധികൃത സ്ഥലമാറ്റങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് എം.കെ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ബി. ജയശങ്കർ അദ്ധ്യക്ഷനായി. കെ. രമേശൻ മാരാർ, പി. ബാലകൃഷ്ണൻ, സതീശൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.