baby

തൃശൂർ : അനാചാരങ്ങൾക്കെതിരെ കേരളം അഭിമാനം കൊള്ളുമ്പോഴും ജാഗ്രത തുടരണമെന്ന് മുൻ മന്ത്രി എം.എ.ബേബി പറഞ്ഞു. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കൃതികളുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് സാഹിത്യ അക്കാഡമി സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കൃതികൾ സമകാലികം മാത്രമല്ല, സാർവകാലികവുമാകണം. കുമാരനാശാന്റെ കൃതികളായ ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും സാർവകാലികമാണെന്നതാണ് പ്രസക്തി. ആശാന്റെ കൃതികളിൽ വ്യത്യസ്ത കലാരൂപങ്ങളുടെ ശ്രദ്ധേയമായ അംശങ്ങൾ കാണാം. ദൃശ്യത ചലച്ചിത്രത്തിലെന്ന പോലെ തെളിയും. സംഗീതാത്മകതയും പ്രധാനമാണ്. ഇത് സൂക്ഷ്മമായി പഠനവിധേയമാക്കണം. ജാതി ധ്വംസനമാണ് ദുരവസ്ഥയിലെ കേന്ദ്രപ്രമേയം. ആശാന്റെ 'കർഷകന്റെ കരച്ചിൽ'എന്ന കൃതിയിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം വിഷയമാവുന്നു. ഇതിന്റെയെല്ലാം തുടർച്ചയാണ് വി.ടി.ഭട്ടതിരിപ്പാട്, ഇ.എം.എസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള പ്രസ്ഥാനം. ദുരവസ്ഥ മലയാള പുരോഗമന സാഹിത്യത്തിന്റെ മുന്നോടിയാണെന്ന് ഇ.എം.എസ് സൂചിപ്പിച്ചിട്ടുണ്ട്. അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സെക്രട്ടറി സി.പി.അബൂബക്കർ, അംഗങ്ങളായ ഇ.പി.രാജഗോപാലൻ, വി.എസ്.ബിന്ദു, കവി പി.രാമൻ എന്നിവർ പങ്കെടുത്തു. തുടർന്ന് 'നവോത്ഥാനത്തിന്റെ സ്പന്ദനങ്ങൾ ചണ്ഡാലഭിക്ഷുകിയിലും ദുരവസ്ഥയിലും' എന്ന വിഷയത്തിൽ സെമിനാറും ഉണ്ടായി.