ചാലക്കുടി: ബാർ അസോസിയേഷനും പൊലീസും തമ്മിൽ തുടരുന്ന പോര് ദൂരവ്യാപക പ്രത്യാഘാതങ്ങളെ ക്ഷണിച്ചുവരുത്തുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. ചാലക്കുടി കോടതി കെട്ടിടത്തിന് മുന്നിൽ താത്കാലികമായി ഷെഡ് നിർമ്മിച്ചതിനെതിരെ പൊലീസ് നൽകിയ പരാതിയിൽ തിരിച്ചടി നൽകാൻ ബാർ അസോസിയേഷൻ തീരുമാനിച്ചു. ചാലക്കുടി എസ്.എച്ച്.ഒ: നഗരസഭാ സെക്രട്ടറിക്ക് നൽകിയ പരാതി നിയമാനുസൃതമല്ലെങ്കിൽ അതിനെതിരെ മറ്റാരു പരാതി നൽകാനാണ് പ്രസിഡന്റ് എം.ഡി. ഷാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. കോടതിവിധി പ്രകാരം ഒരു കാറ് കച്ചീട്ടിൽ വാങ്ങുന്നതിന് എത്തിയ ബാർ അസോസിയേഷൻ സെക്രട്ടറിയും കൊരട്ടി സ്റ്റേഷനിലെ റൈറ്ററും തമ്മിലുണ്ടായ അധികാര തർക്കമാണ് ഇരുവിഭാഗത്തേയും അസാധരണമായ നടപടി ക്രമങ്ങളിലേക്ക് വലിച്ചഴച്ചത്.
സി.ആർ.പി.സിയിൽ ഇങ്ങനെയൊരു വകുപ്പുണ്ടോ എന്ന് വിവരാവകാശം മൂലം അറിയുകയാണ് ആദ്യത്തെ ലക്ഷ്യം. ചാലക്കുടി പൊലീസ് സ്റ്റേഷനോട് ചേർന്ന് നിർമ്മിച്ച മുറികളും മുൻഭാഗത്തെ സന്ദർശക മുറികളും നിർമ്മിച്ചതിന്് നഗരസഭയുടെ അനുമതിയുണ്ടോ എന്നും ഔദ്യോഗിക വിവരശേഖരണം നടത്തും. ഇവിടെ മുറികൾക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചത് ഔദ്യോഗികമായോണോ എന്നും ആരായും. ചാലക്കുടി ഡിവൈ.എസ്.പിയുടെ കീഴിലെ എല്ലാ സ്റ്റേഷനുകളിലും ഏതെങ്കിലും വിധത്തിൽ അനധികൃത നിർമ്മാണം നടത്തിയിട്ടുണ്ടോ എന്നും അഭിഭാഷക സംഘടന അന്വേഷിക്കും. ഇതോടെ നിയമ പാലകരും അഭിഭാഷകരും തമ്മിലെ പോര് അതിരൂക്ഷമായി.