ചാലക്കുടി: ടെർമിനേറ്റ് ചെയ്യാൻ നോട്ടീസ് നൽകിയെങ്കിലും നിലവിലെ കരാറുകാരനെ ഉപയോഗിച്ചുതന്നെ മുരിങ്ങൂർ- ഏഴാറ്റുമുഖം റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ശ്രമം ആരംഭിച്ചതായി ജില്ലാ കളക്ടർ ഹരിത വി.കുമാർ അറിയിച്ചു. ഈമാസം 25ന് നിർമ്മാണം പുനഃരാരംഭിക്കാൻ നിർദ്ദേശം നൽകിയെന്നും കളക്ടർ. ഇതു സംബന്ധിച്ച് പൊതുമരാമത്ത് വിശ്രമ കേന്ദ്രത്തിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ്് അവർ ഇക്കാര്യം വ്യക്തമാക്കിയത്. നിർമ്മാണത്തിലെ മെല്ലെപ്പോക്ക് കണക്കിലെടുത്താണ് ആൻടെക്ക് കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എന്നാൽ പുതിയ കരാറുകാരെ കണ്ടെത്തലും മറ്റും നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നതിന് ഇടയാക്കും. ഇതെല്ലാം പരിഗണിച്ചാണ് നിലവിലെ കരാറുകാരെത്തന്നെ പ്രയോജനപ്പെടുത്തുന്നത്. റോഡിന്റെ സ്ഥലെടുപ്പുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കാൻ മേലൂർ പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണം തേടും. ഇതിനായി ഈ മാസം 18ന് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം വിളിക്കാൻ തീരുമാനമായെന്നും കളക്ടർ പറഞ്ഞു. റോഡിന് ആവശ്യമുള്ള പത്തു മീറ്റർ ചില സ്ഥലങ്ങളിൽ ഇല്ലാത്തതാണ് തുടർ പ്രവർത്തനങ്ങൾക്ക് തടസമെന്ന് കരാർ കമ്പനി പറയുന്നു. ഇതു സംബന്ധിച്ച് പരിസരവാസികളുടെ പരാതികൾക്ക് രമ്യമായ പരിഹാരത്തിന് ചാലക്കുടി തഹസിൽദാരെ ചുമതലപ്പെടുത്തി.