sangeetha-
സംഗീത കവിതയെഴുത്തിനിടെ

തൃശൂർ: പോണ്ടിച്ചേരിയിൽ ബിരുദവിദ്യാർത്ഥിനിയായിരുന്ന സംഗീതയുടെ മനസ്സിൽ ചെറുപ്പം മുതലേ കവിതകളായിരുന്നു. കാവ്യകല്പനയിൽ മുഴുകിയിരിക്കെ ജൻമകല്പനയെന്ന പോലെ വീട്ടിൽ ജോലിക്കെത്തിയ പ്രഭുവുമായി പ്രണയത്തിലായി. കുഴൽക്കിണർ പണിക്കെത്തിയതായിരുന്നു പ്രഭു. പ്രണയമൊഴിയാത്ത മനസ്സുമായി 17 വർഷം മുമ്പ് വീട്ടുകാരുടെ എതിർപ്പ് കൂസാതെ കമ്പം തേനി സ്വദേശിയായ പ്രഭുവിനൊപ്പം ഇറങ്ങിത്തിരിച്ചു. എത്തിച്ചേർന്നത് ഗുരുവായൂരിൽ.

പ്രഭു ജോലിക്ക് പോകുമ്പോൾ ഡോക്ടർമാരുടെയും മറ്റും വീടുകളിൽ കുഞ്ഞുങ്ങളെ നോക്കിയും വീട്ടുപണി ചെയ്തും സംഗീത കുടുംബത്തിന് താങ്ങായി. അപ്പോഴും സംഗീതയുടെ മനസിൽ പ്രാരബ്ധമായിരുന്നില്ല, നിറയെ പ്രണയകവിതകളായിരുന്നു. ഒഴിവുസമയങ്ങളിൽ തമിഴ് കവിതകളെഴുതി.
രണ്ട് പതിറ്റാണ്ടിനിടെ കുറിച്ചത് മുന്നൂറോളം കവിതകൾ. ലോക്ക് ഡൗൺ കാലത്ത് പിച്ചിപ്പൂ എന്ന പേരിൽ ഫേസ്ബുക്കിൽ സജീവമായി. നൂറുകണക്കിന് ഫേസ്ബുക്ക് ഫോളോവേഴ്‌സും ആയിരത്തോളം ഫ്രണ്ട്‌സും ചേർന്ന് പങ്കുവച്ചതോടെ വരികൾ തമിഴകത്ത് ഹിറ്റായി. തമിഴിലെ പ്രധാന കവികൾ ചേർന്ന് പത്തോളം കവിതാപുസ്തകങ്ങൾ പുറത്തിറക്കി. ദിനതന്തി, വാരമലർ തുടങ്ങിയ ആനുകാലികങ്ങളിൽ നിന്ന് മുന്നൂറ് രൂപയിലേറെ പ്രതിഫലം കിട്ടും. 2,500 പേർ പങ്കെടുത്ത, മുക്കനി എന്ന തമിഴ് മാഗസിൻ നടത്തിയ കവിതാമത്സരത്തിൽ ഹൈക്കു കവിതയെഴുതിയപ്പോൾ കിട്ടിയത് രണ്ടാംസമ്മാനം, മൂവായിരം രൂപ! പോണ്ടിച്ചേരിയിൽ എ.ഐ.എ.ഡി.എം.കെ ജില്ലാ നേതാവായിരുന്നു അച്ഛൻ. ഇപ്പോൾ വീട്ടുകാരുടെ പിണക്കമെല്ലാം മാറി.

അദ്ധ്വാനത്തിന്റെ മഹത്വം

ഇുരുവരുടെയും അദ്ധ്വാനഫലത്താൽ കേച്ചേരി പെരുമണ്ണിൽ അഞ്ചുസെന്റ് സ്വന്തമാക്കി വീട് പണിതു. ഒൻപതിലും അഞ്ചിലും പഠിക്കുന്ന രണ്ട് ആൺമക്കൾ. പ്രസന്നയും പ്രവീണും. അച്ഛനും മക്കളും മീൻപിടിക്കുന്നതും പണികൾ എടുക്കുന്നതുമെല്ലാം കഥാസന്ദർഭങ്ങളാക്കി 80 പേജുള്ള കുട്ടികൾക്കുളള കഥാപുസ്തകം 'മിത്രാവിൻ കാത്താടി" പുറത്തിറക്കി. മലയാളം പറയാനറിയാമെങ്കിലും എഴുതാനും വായിക്കാനും സംഗീതയ്ക്ക് അറിയില്ല.

മലയാളവും എനിക്ക് ഏറെ ഇഷ്ടമാണ്. കവിതകളും കഥയും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യണമെന്നാണ് മോഹം. ആരെങ്കിലും സഹായിക്കുമെന്നാണ് കരുതുന്നത്.

സംഗീത.