aaaaa
തൃക്കുന്നത്ത് എസ്.സി വ്യവസായകേന്ദ്രത്തിൽ വിറ്റൊഴിയാതെ കിടക്കുന്ന തെങ്ങിൻതൈകൾ.

കാഞ്ഞാണി: അരിമ്പൂർ, മണലൂർ അന്തിക്കാട് കൃഷിഭവനുകളിൽ വാങ്ങാൻ ആളില്ലാതെ നൂറ് കണക്കിന് നാടൻ തെങ്ങിൻതൈകൾ കെട്ടിക്കിടക്കുന്നു. ഇതേ അവസ്ഥയാണ് സമീപ കൃഷിഭവനുകളിലും. ജൂലായ് മാസത്തിൽ കൃഷിവകുപ്പ് വിൽപ്പനയ്ക്കായി ആയിരത്തിലധികം തെങ്ങിൻതൈകളാണ് എത്തിച്ചത്. മണലൂർ കൃഷിഭവന് 1,100ഉം അരിമ്പൂര് 1,200ഉം നാടൻ തെങ്ങിൻതൈകളെത്തിച്ചു.

ഇതുവരെയായി 300, 400ഉം തെങ്ങിൻതൈകളേ രണ്ടിടത്തും വിറ്റിട്ടുള്ളൂ. 700 തൈകൾ മണലൂർ തൃക്കുന്നത്ത് എസ്.സി വ്യവസായ കേന്ദ്രത്തിലും 800 എണ്ണം അരിമ്പൂരും വിറ്റൊഴിയാതെ നശിക്കുകയാണ്. അന്തിക്കാട് കൃഷിഭവനിൽ 900 തെങ്ങിൻ തൈകൾ വിൽപ്പനയ്‌ക്കെത്തിയെങ്കിലും 300 എണ്ണമാണ് വിറ്റത്.

ഒരു തെങ്ങിന് ഗുണാഭോക്തൃ വിഹിതം അമ്പത് രൂപയാണ്. 50 രൂപ കൃഷിവകുപ്പും വഹിക്കും. വിറ്റഴിക്കാത്ത തെങ്ങിൻതൈകളുടെ ഗുണഭോക്തൃവിഹിതം 50 രൂപ വീതം ഓരോ തെങ്ങിനും കൃഷിഭവൻ അധികൃതരുടെ കൈയിൽ നിന്ന് കൃഷിവകുപ്പിലേക്ക് അടയ്‌ക്കേണ്ട ഗതികേടിലാണ് കാര്യങ്ങൾ. നാടൻ തൈകൾ ആയതിനാലാണ് വാങ്ങാൻ ആളില്ലാത്തതെന്നാണ് അധികൃതർ പറയുന്നത്.

കഴിഞ്ഞകാലങ്ങളിലും വിറ്റഴിക്കാത്ത തെങ്ങിൻ തൈകളുടെ ഗുണഭോക്തൃവിഹിതം കൃഷിഭവൻ അധികൃതരുടെ കൈയിൽ നിന്നെടുത്താണ് അടച്ചത്. ഫാമുകളിൽ നിന്ന് നേരിട്ടാണ് തെങ്ങിൻതൈകൾ വിൽപ്പനയ്‌ക്കെത്തുന്നത്. വീണ്ടും അടുത്തവർഷം ജൂൺ മാസത്തിൽ ഇതേ രീതിയിൽ തെങ്ങിൻതൈകൾ വിൽപ്പനയ്‌ക്കെത്തും. അപ്പോഴും സമാനസ്ഥിതി തുടരുമോയെന്ന ആശങ്കയിലാണ് അധികൃതർ.

കാർഷിക വികസനസമിതി, വാർഡ് അംഗങ്ങൾ എന്നിവർ ഗ്രൂപ്പുകൾ വഴി അറിയിപ്പുകൾ നൽകിയിരുന്നു. നാടൻ തെങ്ങിൻതൈകൾ ആയതിനാൽ വാങ്ങാൻ ആളില്ലാത്തതാണ് വിറ്റഴിയാത്തതിന് കാരണം.

ലക്ഷ്മി കെ. മോഹൻ
കൃഷി ഓഫിസർ അരിമ്പൂർ.