കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ വെട്ടിയൊതുക്കി മാള ഡിപ്പോ

മാള: പഴയ ഓർമയിൽ ബസ് കയറാൻ മാള കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തിയാൽ നിന്ന് മുഷിഞ്ഞതുതന്നെ. നേരെ ചൊവ്വേ ഒരെണ്ണം വന്നാൽ ഭാഗ്യം !. നേരത്തെയുണ്ടായിരുന്ന ഷെഡ്യൂളുകളുടെ പകുതി പോലും വെട്ടിക്കുറച്ച് ആനന്ദിക്കുകയാണ് അധികൃതർ. അതോടെ ഉൾഗ്രാമങ്ങളിലേക്കുള്ള യാത്രക്കാരും മറ്റും വഴിയിൽ ബസ് കാത്തുകാത്ത് നോക്കുകുത്തിയാകുകയാണ്. ബസുകളും ജീവനക്കാരും ഇല്ലാത്തതാണ് ഷെഡ്യൂളുകൾ കുറയ്ക്കാൻ കാരണമായി അധികൃതർ പറയുന്നത്. നല്ല കാലത്ത്, 59 ഷെഡ്യൂളുണ്ടായിരുന്ന ഡിപ്പോയിൽ ഇപ്പോൾ 24 ഷെഡ്യൂൾ മാത്രമായി. സർവീസുകൾ നിറുത്തിയത് കൂടുതൽ ബാധിച്ചതോ വിദ്യാർത്ഥികളെയും, ഉദ്യോഗസ്ഥന്മാരെയും, തൊഴിലാളികളെയുമാണ്.
ഡിപ്പോയിൽ നിന്നും ഇപ്പോൾ സർവീസ് നടത്തുന്നത് തൃശൂർ, ആലുവ, കൊടുങ്ങല്ലൂർ ഭാഗത്തേക്ക് മാത്രമാണ്. കൊടുങ്ങല്ലൂർ റൂട്ടിലും ആലുവ റൂട്ടിലും സ്വകാര്യ ബസുകളുടെ കടന്നുകയറ്റം കെ.എസ്.ആർ.ടി.സിക്ക് തലവേദനയുമുണ്ടാക്കുന്നുണ്ട്. ഡിപ്പോയിൽ വർക്ക്‌ഷോപ്പ് ഉണ്ടെങ്കിലും ചെറിയ അറ്റകുറ്റപ്പണികൾക്ക് പോലും ചാലക്കുടിയിലേക്കോ, ഗുരുവായൂരിലേക്കോ കൊണ്ടുപോകേണ്ട സ്ഥിതിയാണ്.
യാത്രക്കാർ ക്രമാതീതമായി വർദ്ധിച്ചെങ്കിലും സർവീസ് നടത്താൻ ബസില്ലാത്തതാണ് പ്രധാന പ്രശ്‌നം. പൊതുജനങ്ങൾ പരാതിയുമായി ഡിപ്പോയിലെത്തിയാൽ ഉദ്യോഗസ്ഥർ കൈമലർത്തും. തൃശൂരിലെ ഓഫീസിൽ നിന്നുള്ള തീരുമാനമെന്നാണ് മറുപടി. എ.ടി.ഒ മാളയിൽ വരുന്നത് മാസത്തിൽ ഒരു ദിവസം മാത്രമാണ്.

വെട്ടിക്കുറച്ച ഷെഡ്യൂളുകൾ

കെ.എസ്.ആർ.ടി.സി മാള ഡിപ്പോയിൽ നിന്നും മാളയുടെ ഉൾനാടൻ പ്രദേശങ്ങളായ പൂപ്പത്തി, മഠത്തുംപടി, എളന്തിക്കര, കണക്കൻകടവ് ഭാഗങ്ങളിലേക്ക് 15 ട്രിപ്പ് വരെ സർവീസ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു ട്രിപ്പ് മാത്രമേയുള്ളൂ. ചക്കാംപറമ്പ് വഴി ചാലക്കുടിയിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് നിറുത്തലാക്കി. വെണ്ണൂർ വഴി ഫാസ്റ്റ് പാസഞ്ചർ അടക്കം ബസുകൾ ഓടിയിരുന്ന റൂട്ടിൽ ഇന്ന് ഒരു ട്രിപ്പ് മാത്രമായി. ഐരാണിക്കുളം ഭാഗത്തേക്കുള്ള സർവീസും ഇല്ലാതെയായി. കൊടുങ്ങല്ലൂരിലേക്ക് നെയ്തക്കുടി കാംകോ വഴി ഓടിയിരുന്ന എക സർവീസും ഇപ്പോൾ ഓടുന്നില്ല. തിരുത്തിപ്പുറം, പുത്തൻചിറ വെള്ളൂർ ഭാഗത്തേക്കും ഇപ്പോൾ ഒരു ബസ് പോലുമില്ലാതെയായി. മാള കോഴിക്കോട്, മാള ഗുരുവായൂർ സർവീസും നിറുത്തലാക്കി. മാളയിലുണ്ടായിരുന്ന ലോഫ്‌ളോർ ബസുകൾ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.